സിൽക്യാര: ഉത്തരകാശിയിൽ സിൽക്യാര ടണലിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷപെടുത്താനുളള ശ്രമങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. തൊഴിലാളികളെ പുറത്ത് എത്തിക്കാനുളള പൈപ്പുകൾ 44 മീറ്ററോളം ഉളളിലേക്ക് കടത്തി. ഇനി 12 മീറ്ററുകൾ കൂടി മാത്രമാണ് പൈപ്പുകൾ കടത്താനുളളത്. അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടായിരുന്ന സ്റ്റീൽ കഷ്ണങ്ങൾ പൈപ്പുകൾക്ക് തടസമായതായി രക്ഷാദൗത്യ സംഘത്തിലെ അംഗവും സോജില ടണൽ പ്രൊജക്ട് ഹെഡ്ഡുമായ ഹർപാൽ സിംഗ് പറഞ്ഞു.
സ്റ്റീൽ കഷ്ണങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റാനായി അതിൽ വിദഗ്ധരായ എൻഡിആർഎഫ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പൈപ്പുകൾ മുറിച്ച് തടസം നീക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിആർഎഫ് സംഘമെന്നും രാവിലെ 8 മണിയോടെ രക്ഷാപ്രവർത്തനം പൂർത്തിയാകുമെന്നും തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നും ഹർപാൽ സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.
അഞ്ച് മണിക്കൂറിനുളളിൽ പൈപ്പുകൾ ടണലിൽ കുടുങ്ങിയ തൊഴിലാളികൾക്ക് സമീപത്തേക്ക് ഇറക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. അതിനിടെ പുറത്തുവരുന്ന തൊഴിലാളികൾക്ക് അടിയന്തിര വൈദ്യസഹായം ഉൾപ്പെടെ നൽകുന്നതിന് വേണ്ട സജ്ജീകരണങ്ങളും ആരംഭിച്ചു. സ്ഥലത്ത് താൽക്കാലിക ആശുപത്രിയും ചികിത്സാ സൗകര്യവും ഒരുക്കും. ഇതിനുളള ഉപകരണങ്ങളും മരുന്നുകളും വൈകിട്ടോടെ എത്തിച്ചിട്ടുണ്ട്. 30 ഓളം ആംബുലൻസുകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം ലൈഫ് സപ്പോർട്ടിംഗ് സംവിധാനമുളള ആംബുലൻസുകളാണ്.
കഴിഞ്ഞ ദിവസമാണ് സിൽക്യാരയിൽ നിർമാണത്തിലിരുന്ന ടണലിന്റെ ഒരു ഭാഗം തകർന്ന് തൊഴിലാളികൾ കുടുങ്ങിയത്. 41 തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. പൈപ്പുകൾ ഇറക്കി ഇവരെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതും തകർച്ചയുണ്ടായ ഭാഗത്തെ അവശിഷ്ടങ്ങൾ കുന്നുകൂടി കിടന്നതും ഇതിന് വെല്ലുവിളിയായി.









Discussion about this post