നമ്മളീ കാണുന്ന ഭൂമിയെ ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അടക്കിഭരിച്ചിരുന്ന ഒരു കൂട്ടരുണ്ടായിരുന്നു. അഗ്നിപർവ്വത സ്‌ഫോടനങ്ങളും ഉൽക്കവർഷവും കാരണം ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി പോയവരിൽ ഒരു ജീവിവർഗമാണ് ദിനോസറുകൾ. ഭീമാകാരന്മാരായ കൂർത്ത പല്ലുകൾ ഉള്ള അവയുടെ പല ഫോസിലുകളും മനുഷ്യന് കണ്ടുകിട്ടിയിട്ടുണ്ട്. ആഫ്രിക്കൻ ആനകളേക്കാൾ ഭീമാകാരന്മാരായ ആ ജീവിവർഗം ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിലെന്ന് മനുഷ്യൻ പലവുരു ഭാവനയിൽ കണ്ടിട്ടുണ്ട്.
എൻഡ്-ക്രിറ്റേഷ്യസ് വംശനാശം എന്ന അഞ്ചാമത്തെ സിദ്ധാന്തത്തിന്റെ തുടർച്ചയായി തുടച്ചുനീക്കപ്പെട്ട ആ ജീവിവർഗത്തെ പുന:സൃഷ്ടിക്കാനുള്ള ശ്രമങ്ങളും ശാസ്ത്രജ്ഞർ നടത്തുന്നുണ്ട്. എന്നാലിതാ ദിനോസറുമായി ബന്ധപ്പെട്ട കൗതുകരമായ ഒരു വാദം ചർച്ചയാവുകയാണ്.
ദിനോസറുകളോ അവയോട് സാമ്യമുള്ള സ്പീഷീസിലെ മൃഗങ്ങളോ ഭൂമിയിൽ നിന്ന് അകലെയുള്ള ഗ്രഹങ്ങളിലുണ്ടാകാമെന്നാണ് പഠനം പറയുന്നത്.മന്ത്ലി നോട്ടീസസ് ഓഫ് ദ റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിവരങ്ങളുള്ളത്.
ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഗ്രഹങ്ങളെ കണ്ടെത്താൻ സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. അന്തരീക്ഷത്തിലെ ഘടകങ്ങളുടെ അളവ് അനുസരിച്ചാണ് ഇത് സാധ്യമാകുക. ഇതിൽ പ്രധാനപ്പെട്ട ഒരു സൂചകമാണ് ഓക്‌സിജന്റെ അളവ്. പണ്ട് ഭൂമിയിൽ ദിനോസറുകൾ ഉണ്ടായിരുന്നപ്പോൾ ഭൗമാന്തരീക്ഷത്തിൽ ഓക്‌സിജന്റെ അളവ് 30 ശതമാനം ആയിരുന്നു. എന്നാലിന്ന് അത് 21 ശതമാനമാണ്. ഉയർന്ന തോതിലുള്ള ഓക്സിജൻ അന്തരീക്ഷത്തിലുള്ള ഗ്രഹമാണെങ്കിൽ അവയിൽ ദിനോസറുകളോ തത്തുല്യ ജീവിവർഗങ്ങളോ ഉണ്ടാകാൻ സാധ്യതയേറും.
ഒരു ഗ്രഹം ഫനീറോസോയിക് ഘട്ടത്തിലാണോ എന്നു പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ഫനീറോസോയിക് ഘട്ടത്തിലാണെങ്കിൽ അതിൽ വലുപ്പമേറിയതും സങ്കീർണവുമായ ജീവിവർഗങ്ങൾ ഉടലെടുക്കും. ഇവിടങ്ങളിൽ ദിനോസറുകൾ ഉണ്ടാകാനിടയുണ്ടത്രേ.
ദശലക്ഷണക്കിന് വർഷങ്ങൾക്ക് മുൻപ് ഒരു ഛിന്നഗ്രഹത്തിന്റെ പതനമാണ് ഇന്നത്തെ ഭൂമിയ്ക്ക് കാരണമായത്. മെക്‌സിക്കോയിലെ യൂക്കാട്ടൻ മേഖലയിലുള്ള 145 കിലോമീറ്റർ വിസ്തീർണമുള്ള, ചിക്‌സുലബ് എന്ന പടുകുഴിയിൽ ഈ ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങളുണ്ട്. അന്ന് ആ ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചപ്പോൾ ഏകദേശം 2000 ഗിഗാടൺ പൊടിയാണ് ഉയർന്നുപൊങ്ങിയത്. എവറസ്റ്റ് കൊടുമുടിയുടെ ഭാരത്തിനേക്കാൾ 11 മടങ്ങ് വരുന്ന ഇത് 15 വർഷം അന്തരീക്ഷത്തിൽ തന്നെ നിന്നു. ഇത് കടുത്ത കാലാവസ്ഥ വ്യതിയാനത്തിന് കാരണമാവുകയും ദിനോസറുകൾ ഉൾപ്പെടെയുള്ള ജീവിവർഗങ്ങൾ തുടച്ചുനീക്കപ്പെടുകയുമായിരുന്നു. അതല്ല അഗ്നിപർവ്വത സ്‌ഫോടനം കാരണമാണ് ദിനോസറുകൾ നശിച്ചതെന്ന് വാദിക്കുന്നവരും കുറവല്ല.
Discussion about this post