ടെൽ അവീവ് : ഹമാസ് നേതാക്കൾ ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും രക്ഷപ്പെടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അവരെ മൊസാദിനെ ഏൽപ്പിച്ചിരിക്കുകയാണെന്നും കൈകാര്യം ചെയ്യാനുള്ള എല്ലാ നിർദ്ദേശങ്ങളും മൊസാദിന് നൽകിയിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. നിലവിൽ ഗാസയിൽ നാലു ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട് എന്നും നെതന്യാഹു അറിയിച്ചു.
ഗാസയിലെ ലക്ഷ്യങ്ങൾ ഏതാണ്ട് പൂർത്തിയായെന്നും അടുത്ത ലക്ഷ്യം വിദേശരാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന ഹമാസ് നേതാക്കൾ ആണെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു വ്യക്തമാക്കി. അവർ എവിടെ ആയാലും വേട്ടയാടി പിടിക്കാൻ മൊസാദിന് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനാണ് നാലു ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ഇസ്രായേൽ വെടിനിർത്തൽ കരാറിന് സമ്മതം മൂളിയത്. ഇസ്രയേലി ജയിലുകളിൽ കഴിയുന്ന 150 പലസ്തീൻ സ്വദേശികളെ വിട്ടു നൽകാമെന്നും പകരമായി ഹമാസ് ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കണമെന്നും കരാർ സൂചിപ്പിക്കുന്നു. വെടിനിർത്തൽ കാലാവധി അവസാനിച്ചതിന് ശേഷം യുദ്ധം പുനരാരംഭിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post