പൂട്ടിയ ബാറുകള്‍ തുറക്കില്ല; സര്‍ക്കാറിന്റെ മദ്യനയം ശരിവെച്ച് സുപ്രീം കോടതി
ഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ശരിവെച്ച് സുപ്രീം കോടതി വിധി. ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം അനുവദിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ നയമാണ് സുപ്രീം കോടതി ശരിവെച്ചത്.
സര്‍ക്കാര്‍ നയത്തിതിരെ ബാറുടമകള്‍ നല്കിയ അപ്പീലുകള്‍ തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിംഗ് എന്നിവരാണ് വിധി പറഞ്ഞത്. സംസ്ഥാനത്ത് അടച്ച ബാറുകള്‍ തുറക്കില്ല. 27 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കും. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് വിവേചനമാണെന്നാണ് ബാറുടമകള്‍ വാദിച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണിതെന്നും അവര്‍ വാദിച്ചു.
എന്നാല്‍ മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് സമ്പൂര്‍ണ നിരോധനത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ലൈസന്‍സുകള്‍ പരിമിതപ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. ബിവറേജസ് വഴി സര്‍ക്കാര്‍തന്നെ മദ്യം വില്‍ക്കുന്നത് ബാറുടമകള്‍ ചൂണ്ടിക്കാട്ടി. വിനോദസഞ്ചാര മേഖലയെ പരിഗണിച്ചുകൊണ്ടാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തിയതെന്ന് സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചു. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ, അറ്റോര്‍ണി ജനറല്‍ മുകുല്‍ റോഹ്തഗി അടക്കം പ്രമുഖരുടെ നിരയാണ് ബാറുടമകള്‍ക്ക് വേണ്ടി ഹാജരായത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും മദ്യ നയം ശരിവച്ചതിനെ തുടര്‍ന്നാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
വിധിയ്ക്കെതിരെ നിയമപരമയ സാധുതകള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ ആലോചിച്ചു തീരുമാനിക്കുമെന്ന് ബാറുടമകള്‍ പ്രതികരിച്ചു. അതേ സമയം കോടതി വിധിയില്‍ സന്തോഷമെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു.
Discussion about this post