ചണ്ഡിഗഡ്: കരിമ്പ് വില വർദ്ധനവ് ആവശ്യപ്പെട്ട് പഞ്ചാബിലെ ജലന്ധറിൽ കർഷകർ നടത്തുന്ന ഹൈവേ ഉപരോധ സമരം നാലാം ദിവസത്തിലേക്ക് കടന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ റോഡ് ഉപരോധം നിർത്തണമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ കർഷകരോട് ആവശ്യപ്പെട്ടു.
കരിമ്പ് ക്വിന്റലിന് 380 രൂപയിൽ നിന്ന് 450 രൂപയായി ഉയർത്തണമെന്നാണ് കർഷകരുടെ ആവശ്യം. കരിമ്പ് ക്രഷിംഗിനുള്ള പഞ്ചസാര മില്ലുകളുടെ പ്രവർത്തനം പുനരാരംഭിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. പ്രതിഷേധ സൂചകമായി ഇവർ റോഡിന് നടുവിൽ പന്തൽ കെട്ടി ഹൈവേയിൽ രാത്രി തങ്ങുകയാണ്.
ഭാരതി കിസാൻ യൂണിയന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി ജലന്ധർ-ഫഗ്വാര ഹൈവേയുടെ മധ്യത്തിൽ കർഷകർ നടത്തുന്ന ധർണ ജലന്ധറിനും ഡൽഹിക്കും ഇടയിലുള്ള ഗതാഗതത്തെയും കാര്യമായി ബാധിച്ചു. ജലന്ധറിലെ പ്രതിഷേധം ജമ്മു, പത്താൻകോട്ട്, അമൃത്സർ എന്നിവിടങ്ങളിൽ നിന്ന് ജലന്ധർ വഴി ലുധിയാന, ചണ്ഡീഗഡ്, നവാൻഷഹർ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളുടെ ഗതാഗതത്തെ തടസപ്പെടുത്തി. പ്രതിഷേധക്കാരായ കർഷകർ വ്യാഴാഴ്ച ജലന്ധറിലെ ധനോവാലി ഗ്രാമത്തിന് സമീപം ട്രെയിൻ ഗതാഗതവും തടസപ്പെടുത്തിയിരുന്നു.
Discussion about this post