ഡെറാഡൂൺ: ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള മാനുവൽ ഡ്രില്ലിംഗ് നാളെ ആരംഭിക്കും. മെറ്റൽ പാളിയിലിടിച്ച് തകരാറിലായ ഓഗർ മെഷിൻ ഇന്ന് പുറത്തെത്തിച്ചിരുന്നു. വെർട്ടിക്കൽ ഡ്രില്ലിംഗ് ആണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് ഇനിയും സമയമെടുത്തേക്കുമെന്ന് ദൗത്യസേന പറഞ്ഞു.
ഓഗർ മെഷീന്റെ തകരാറിനെ തുടർന്ന് യന്ത്രം പിന്നീട് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. ഇനി മാനുവൽ ഡ്രില്ലിംഗ് നടത്തിയാണ് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പ് സ്ഥാപിക്കുകയെന്ന് എൻഡിഎംഎ അംഗം ലെഫ്റ്റനന്റ് ജനറൽ (റിട്ട) സയ്യിദ് അത് ഹസ്നൈൻ പറഞ്ഞു. ഓഗർ മെഷീൻ ഇനി ഉപയോഗിക്കില്ലെന്നും ഇനി മാനുവൽ ഡ്രില്ലിംഗ് വഴിയാണ് ആളുകളെ പുറത്തെത്തിക്കുകയെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും അറിയിച്ചിട്ടുണ്ട്. മാനുവൽ ഡ്രില്ലിംഗ് നാളെ രാവിലെ മുതൽ ആരംഭിക്കുമെന്നും ധാമി പത്രസമ്മേളനത്തിൽ പറഞ്ഞു.
‘ഒരുപാട് വഴികളുണ്ട്. ഈ വഴി മാത്രമല്ല ഉള്ളത്. ഓഗർ മെഷീൻ തകരാറിലായി. ഇനി ഈ യന്ത്രം ഉപയോഗിക്കാൻ കഴിയില്ല. ഇനി മറ്റൊരു ഓഗർ യന്ത്രം ഉപയോഗിച്ചും ഡ്രില്ലിംഗ് നടത്തില്ല’- ടണലിംഗ് വിദഗ്ധൻ അർനോൾഡ് ഡിക്സ് പറഞ്ഞു.
‘ഓഗർ മെഷീൻ ഇടക്കിടെ തകരാറിലാവുന്നത് രക്ഷാപ്രവർത്തനം വൈകിക്കുന്നുണ്ട്. ഓരോ തവണ യന്ത്രം തകരാറിലാവുമ്പോഴും 50 മീറ്ററുകളോളം പിന്നിലേക്ക് എടുത്ത് തകരാർ പരിഹരിച്ച് വേണം തിരികെ സ്ഥാപിക്കാൻ. ഇത് വീണ്ടും അഞ്ചോ ആറോ മണിക്കൂറുകൾ നീളുന്നു’- ദൗത്യ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇനി ബാക്കിയുള്ള പൈപ്പിടൽ മാനുവൽ ഡ്രില്ലംഗിലൂടെ പൂർത്തിയാക്കാനാണ് തീരുമാനം. ഇത്തരത്തിൽ തുരക്കുന്നതിനിടയിൽ എന്തെങ്കിലും തടസം നേരിട്ടാലും അത് സമയം വൈകിക്കാതെ പരിഹരിച്ച് മുന്നോട്ട് പോകാൻ രക്ഷാപ്രവർത്തകർക്ക് കഴിയുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Discussion about this post