ഹൈദരാബാദ്: മസ്ജിദിൽ നിസ്‌കരിക്കാൻ എത്തുന്നവരുടെ ലാപ്‌ടോപ്പ് ബാഗുകൾ ഉന്നംവച്ച് മോഷണം നടത്തുന്ന കള്ളൻ പിടിയിലായി. ഹൈദരാബാദിലാണ് സംഭവം. ആസിഫ് നഗർ, ചാദർഘട്ട്, അഫ്‌സൽഗഞ്ച്, ഖൈറത്താബാദ്, ആബിദ്‌സ് എന്നിവിടങ്ങളിലെ മസ്ജിദുകളിലെത്തുന്ന ആളുകളുടെ ലാപ്‌ടോപ്പുകൾ മോഷണം പോയ സംഭവത്തിൽ അബ്ദുൾ നദീം എന്ന 26 കാരാണ് അറസ്റ്റിലായത്.
മലാക്‌പേട്ടിലെ മൂസാറംബാഗ് സ്വദേശിയായ ഇയാൾ നഗരത്തിലെ മസ്ജിദുകളിൽ നിസ്‌കരിക്കാനെന്ന വ്യാജേന എത്തി, മസ്ജിദ് കെട്ടിടത്തിന് പുറത്ത് വച്ചിരിക്കുന്ന ലാപ്‌ടോപ്പ് ബാഗുകൾ ലക്ഷ്യം വയ്ക്കും. തുടർന്ന് ഉടമസ്ഥർ നിസ്‌കരിക്കുന്ന സമയം നോക്കി ഇവർ ഭാഗുമായി കടന്നുകളയുകയാണ് പതിവ്. ഓരോ മോഷണത്തിനും വ്യത്യസ്ത മസ്ജിദുകളാണ് ഇവർ തിരഞ്ഞെടുക്കാറുള്ളത്.
ലാപ്‌ടോപ്പുകൾ മാത്രമല്ല, വിലപിടിപ്പുള്ള മറ്റു പലതും ഇയാൾ മോഷ്ടിച്ചതായും പോലീസ് വ്യക്തമാക്കി. മസ്ജിദുകളിൽ നിന്ന്് ലാപ്‌ടോപ്പുകൾ മോഷണം പോകുന്നത് പതിവായതോടെ ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയിരുന്നു. തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടാസ്‌ക് ഫോഴ്‌സും അഫ്‌സൽഗഞ്ച് പൊലീസും ചേർന്നാണ് മോഷ്ടാവിനെ വലയിലാക്കിയത്.
Discussion about this post