കൊല്‍ക്കത്ത: മദ്യനയം സുപ്രീംകോടതി ശരിവച്ചതോടെ ഓപ്പറേഷന് ജയിച്ചു രോഗി മരിച്ചു എന്ന അവസ്ഥയിലാണ് യു.ഡി.എഫ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.
ബിവറേജസ് ഔട്ട്ലെറ്റുകളിലെ ക്യൂവിന്റെ നീളം കൂട്ടുമെന്നതല്ലാതെ, ഈ നയം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പ്രായോഗികമെന്ന എല്‍.ഡി.എഫിന്റെ നിലപാട് ശരിയാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.
ആവശ്യമായ പഠനങ്ങള്‍ നടത്താതെയാണ് സര്‍ക്കാര്‍ മദ്യനയം നടപ്പാക്കിയത്. ബാറുകള്‍ അടച്ചു പൂട്ടുമ്പോള്‍ തൊഴിലാളികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചില്ല. ബാറുകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കി അവിടങ്ങളില്‍ ജോലിയെടുത്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം തല്ലിക്കെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ തൊഴിലാളികളുടെ പുനരധിവാസത്തെപ്പറ്റി ഇതേവരെ സര്‍ക്കാരിന് ഒരു പരിപാടിയും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേ സമയം സുപ്രീംകോടതി വിധി സാധാരണ നിലയിലുള്ളതാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞു. മദ്യലഭ്യതയില്‍ ഒരു കുറവും വന്നിട്ടില്ല. മദ്യനയവുമായി ബന്ധപ്പെട്ട് തിരശീലയ്ക്ക് പിന്നില്‍ നടന്ന നാടകങ്ങള്‍ പുറത്ത് വരും. അതിന്റെ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും പിണറായി പറഞ്ഞു.
സുപ്രീംകോടതി വിധി വന്നതോടെ എക്സൈസ് മന്ത്രി കെ ബാബു പ്രതിസന്ധിയിലായിരിക്കുകയാണ്. എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മദ്യനയം പുന:പരിശോധിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും പിണറായി വ്യക്തമാക്കി.
Discussion about this post