ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 15 വർഷം. 2008 നവംബർ 26നാണ് രാജ്യത്തെ സാമ്പത്തിക തലസ്ഥാനത്തെയാകെ വിറപ്പിച്ച മുംബൈ ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിന്റെ 15-ാം വാർഷികത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ ‘മൻ കി ബാത്തിന്റെ’ 107-ാമത് എഡിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
സംഭവത്തെ ‘ഏറ്റവും ഹീനമായ ഭീകരാക്രമണം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ‘ഈ ദിവസം നമുക്ക് ഒരിക്കലും മറക്കാനാവില്ലെന്നും ഈ ദിവസമാണ് രാജ്യം ഏറ്റവും ക്രൂരമായ ഭീകരാക്രമണത്തിന് വിധേയമായതെന്നും പറഞ്ഞു. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാ വ്യക്തികൾക്കും അദ്ദേഹം ആദരാഞ്ജലിയർപ്പിച്ചു. ‘മുംബൈ മാത്രമല്ല, രാജ്യമാകെ അന്നത്തെ ആക്രമണത്തിൽ ഉലഞ്ഞുപോയി. എങ്കിലും, അതിൽ നിന്നും കരകയറാൻ ഇന്ത്യയുടെ കഴിവുകൊണ്ട് സാധിച്ചു. ഇപ്പോൾ, തീവ്രവാദത്തെ തകർക്കാനും അതേ ധൈര്യം ഉപയോഗിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഭീകരാക്രമണത്തെ അനുസ്മരിച്ചു. ‘മുംബൈ ഭീകരാക്രമണത്തിന് ഇന്നേക്ക് 15 വർഷം തികയുന്നു. ഈ ഭയാനകമായ പ്രവൃത്തികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഞങ്ങളുടെ അന്വേഷണം തുടരുകയാണ്’ – അദ്ദേഹം ട്വീറ്റ് ചെയ്തു.
വിദേശികൾ ഉൾപ്പെടെ 166 പേർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. മുന്നൂറോളം പേർക്ക് പരിക്ക് പറ്റി. സംസ്ഥാന പോലീസിൽ നിന്നും എൻഎസ്ജിയിൽ നിന്നുമുള്ള 18 സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. അന്നത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെ, മലയാളിയായ എന്‍എസ്ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, മുംബൈ അഡീഷണൽ പോലീസ് കമ്മീഷണർ അശോക് കാംതെ, സീനിയർ പോലീസ് ഇൻസ്‌പെക്ടർ വിജയ് സലാസ്‌കർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്‌ഐ) തുക്കാറാം ഓംബ്ലെ എന്നിവരാണ് അന്ന് രാജ്യത്തിന് വേണ്ടി ജീവൻ കൊടുത്തവരിൽ ചിലർ. ഭീകരരിൽ ഒരാളായ അജ്മൽ അമീർ കസബിനെ ജീവനോടെ പിടികൂടുകയും ബാക്കിയുള്ളവരെ വധിക്കുകയും ചെയ്തു. താജ്മഹല്‍ പാലസ് ഹോട്ടല്‍, ഒബ്‌റോയ് ട്രിഡന്റ് ഹോട്ടല്‍, ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, നരിമാന്‍ ഹൗസ്, പ്രശസ്ത കഫേയായ ലിയോപോള്‍ഡ് തുടങ്ങി മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തിരക്കേറിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.
Discussion about this post