മലപ്പുറം: പരിശോധന ശക്തമാക്കിയിട്ടും കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് ശമനമില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 52 കോടിയിലേറെ രൂപ മൂല്യമുള്ള സ്വർണ മിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്.ക്യാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് അധികപേരും സ്വർണം കടത്തിയിരുന്നത്.
സൗദി അറേബ്യ, ബഹ്റൈൻ, ദുബൈ എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യാത്രികരിൽ നിന്നാണ് ശനിയാഴ്ച സ്വർണ മിശ്രിതം പിടികൂടിയത്. റിയാദിൽ നിന്ന് വിമാനത്തിലെത്തിയ പുലാമന്തോൾ ചെമ്മലശ്ശേരി മുഹമ്മദ് റഫീഖ് എന്ന 34കാരൻ 57,69,600 രൂപയുടെ സ്വർണവുമായാണ് പിടിയിലായത്. നാല് കാപ്സ്യൂളുകളായി 960 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാൾ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. ബഹ്റൈനിൽ നിന്ന് വന്ന വടകര വില്യാപ്പള്ളി ഈങ്ങാട്ട് താഴക്കുനി സൽമാൻ ഫാരിസിൽ (24) നിന്ന് 46,87,800 രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. മൂന്ന് ക്യാപ്‌സ്യൂളുകളിലായി 877 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
നവംബർ 24 ന് ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്?പ്രസ് വിമാനത്തിൽ വന്ന പുത്തൂർ സ്വദേശി പെരിയംകുന്നത്ത് ഷിഹാബുദ്ദീൻ (39) ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചതിന് പിടികൂടിയിരുന്നു മൂന്ന് കാപ്‌സ്യൂളുകളായി 767 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. 46,67,195 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.
നവംബർ 20 ന് 3.420 കിലോഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. അബുദാബിയിൽനിന്ന് എത്തിയ കാസർകോട് സ്വദേശി കെ.പി. നിസാമുദീൻ (32), ബാലുശ്ശേരി സ്വദേശി ഇ.എം. അബൂസഫീൽ (36), തേഞ്ഞിപ്പലം സ്വദേശി സജ്ജാദ് കാമിൽ (26), മലപ്പുറം എടക്കര സ്വദേശി സി.കെ. പ്രജിൻ (23) എന്നിവരിൽനിന്നാണ് നാലുകോടി രൂപയുടെ സ്വർണം പിടിച്ചത്. എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്ടെത്തിയ നിസാമുദീൻ സ്വർണം പൊടിരൂപത്തിലാക്കി ചീർപ്പ്, ക്രീമുകൾ എന്നിവയ്ക്ക് അകത്ത് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ബാഗേജിലെ പെർഫ്യൂം കുപ്പിക്കകത്ത് ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെത്തി. 853 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽനിന്ന് എത്തിയ അബൂസഫീലിൽനിന്ന് 1097 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിക്കുകയായിരുന്നു.
ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽനിന്നെത്തിയ സജ്ജാദ് കാമിലിൽനിന്ന് 789 ഗ്രാം സ്വർണവും പിടിച്ചു. പ്രജിനിൽനിന്ന് 1275 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. റിയാദിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. രണ്ടുപേരും ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിക്കുകയായിരുന്നു.
Discussion about this post