വാരണാസി; ദേവ് ദീപാവലിക്ക് ഒരുങ്ങി വാരണാസി. ഗംഗാനദിയുടെ തീരങ്ങളിലെ ഘട്ടുകളിൽ 12 ലക്ഷം ദീപങ്ങളാണ് ദേവ് ദീപാവലിയുടെ മഹത്വമറിയിച്ച് തെളിയുക. ദീപാവലിക്ക് പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം കാർത്തിക പൗർണമിയിലാണ് ദേവ് ദീപാവലി ആഘോഷിക്കുന്നത്.
വലിയ ഒരുക്കങ്ങളാണ് വാരണാസിയിൽ നടക്കുന്നത്. രവിദാസ് ഘട്ട് മുതൽ രാജ്ഘട്ട് വരെ ചെരാതുകൾ വെളിച്ചം വിതറും. ദീപക്കാഴ്ച കാണാനും ആസ്വദിക്കാനും പതിനായിരങ്ങളാണ് ഇന്ന് വാരണാസിയിലെത്തുക. വിനോദസഞ്ചാരികൾക്ക് അപൂർവ്വ അനുഭവമായിരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
ശിവസ്തുതിയുടെ പശ്ചാത്തലത്തിൽ ആകാശത്തെ വർണാഭമാക്കി പ്രകൃതി സൗഹൃദ കരിമരുന്ന് പ്രയോഗം ഉൾപ്പെടെയുളളവയും നടക്കും. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ദീപാലങ്കാരങ്ങളിൽ തിളങ്ങി നിൽക്കുന്ന കാഴ്ച വിനോദസഞ്ചാരികൾക്കും വിരുന്നേകും.
കാശി വിശ്വനാഥ് ധാമിലെ ഗംഗാഗേറ്റിന് മുൻപിലുളള മണപ്പുറത്ത് നിന്നാണ് പ്രകൃതി സൗഹൃദ കരിമരുന്ന് പ്രയോഗം ആകാശത്ത് വർണക്കാഴ്ചകൾ തീർക്കുക. 13 മിനിറ്റോളം ഇത് നീണ്ടു നിൽക്കും. ഒരു കിലോമീറ്ററോളം ദൂരത്താണ് കരിമരുന്ന് പ്രയോഗം ഒരുക്കിയിട്ടുളളത്. ലേസർ ഷോ ഉൾപ്പെടെയുളളവയും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Discussion about this post