സിൽക്യാര: ഉത്തരകാശിയിലെ സിൽക്യാരയിൽ നിർമാണത്തിലിരുന്ന ടണൽ തകർന്ന് ഉളളിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമങ്ങൾ തുടരുന്നു. വെർട്ടിക്കൽ ഡ്രില്ലിംഗ് 31 മീറ്റർ പിന്നിട്ടതായി അധികൃതർ അറിയിച്ചു. ഇനിയും 86 മീറ്ററോളം കൂടി കുഴിച്ചാൽ മാത്രമേ തൊഴിലാളികൾക്ക് സമീപമെത്താൻ കഴിയൂ.
1.2 മീറ്റർ വ്യാസമുളള പൈപ്പ് ലൈൻ ഇറക്കാൻ പാകത്തിനാണ് ഡ്രില്ലിംഗ് നടത്തുന്നത്. ഈ പൈപ്പ് ലൈനിൽ കൂടി തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമം. 41 തൊഴിലാളികളാണ് 14 ദിവസമായി ടണലിൽ കുടുങ്ങിക്കിടക്കുന്നത്. ടണലിൽ തുരങ്കം നിർമിക്കാൻ ഉപയോഗിച്ച അമേരിക്കൻ ഓഗർ മെഷീൻ തകർന്നതിനെ തുടർന്നാണ് ലംബമായി സമാന്തര തുരങ്കം നിർമിക്കാൻ തീരുമാനിച്ചത്.
ഓഗർ യന്ത്രത്തിന്റെ മുൻഭാഗം പൂർണമായി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഇത് പുറത്തെടുക്കാനുളള ശ്രമങ്ങൾ തുടരുന്നതേയുളളൂ. സമയം പാഴാകാതിരിക്കാനാണ് സമാന്തരമായി വെർട്ടിക്കൽ ഡ്രില്ലിംഗും ആരംഭിച്ചത്. ഓഗർ മെഷീൻ പുറത്തെടുക്കാനുളള ശ്രമത്തിനിടെ പൈപ്പ് ലൈനിന്റെ രണ്ട് മീറ്ററോളം ഭാഗത്തിന്റെ പൊസിഷനിലും മാറ്റം വന്നു.
നിലവിലെ ഡ്രില്ലിംഗ് ജോലികൾ പൂർത്തിയാക്കാൻ രണ്ട് ദിവസങ്ങൾ കൂടി വേണ്ടി വരുമെന്നാണ് നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് വ്യക്തമാക്കുന്നത്. പാറക്കെട്ടുകളും ടണൽ തകർന്ന് വീണ അവിശിഷ്ടങ്ങൾക്കിടയിലെ സ്റ്റീലുകളും മറ്റുമാണ് മെഷീൻ ഉപയോഗിച്ചുളള ഡ്രില്ലിംഗിൽ വെല്ലുവിളിയായത്. അകത്ത് കുടുങ്ങിയ തൊഴിലാളികളുടെ ആരോഗ്യം ഉൾപ്പെടെ സദാസമയവും നിരീക്ഷിക്കുന്നുണ്ട്. ഇവർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പെടെ എത്തിക്കാൻ നേരത്തെ 6 ഇഞ്ച് വരുന്ന പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു.
Discussion about this post