വെല്ലിങ്ടണ്‍:2024 ജനുവരിയില്‍ നടപ്പിലാക്കാനിരുന്ന പുകവലി നിരോധന നിയമം പിന്‍വലിക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്. പുതുതായി ഭരണത്തിലെത്തിയ ന്യൂസിലാന്‍ഡ് ഫസ്റ്റ്- നാഷണല്‍ സഖ്യ സര്‍ക്കാരാണ് വാഗ്ദാനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പുതുതായി അധികാരത്തിലേറിയ സര്‍ക്കാരാണ് നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. നിയമനിര്‍മാണത്തിന്റെ ഭാഗമായി 2009 ന് ശേഷം ജനിച്ചവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
2022ലാണ് പുകവലിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിനും, പുകവലിക്കുന്നവരുടെ ശരാശരി വയസ് വര്‍ധിപ്പിക്കുന്നതിനുമായി നിയമം ന്യൂസിലാന്‍ഡില്‍ അവതരിപ്പിച്ചത്. ഇതനുസരിച്ച് പുകവലിക്കുന്നവരുടെ പ്രായപരിധി ക്രമേണ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തിരുന്നു. പുകവലി മൂലമുണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കുന്നതിനും രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും അതുവഴി ആരോഗ്യമേഖലയില്‍ വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു നീക്കം.
ട്രഷറി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം പുകയില വസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ എണ്ണം കുറയ്ക്കുന്നത് സാമ്പത്തികസ്ഥിതിയെ കാര്യമായി തന്നെ ബാധിക്കാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തുന്നത്. അധിക റവന്യു വരുമാനം കണ്ടെത്തിയാല്‍ മാത്രമേ പ്രഖ്യാപിച്ച പദ്ധതികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സിഗരറ്റ് വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനമുപയോഗിച്ച് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച നികുതിയിളവ് നടപ്പിലാക്കാം എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
എന്നാല്‍ പദ്ധതി ഉപേക്ഷിക്കുന്നതിനെതിരെ പൊതുജനാരോഗ്യ വിദഗ്ധര്‍ രംഗത്ത് വന്നു. പുകയില സുലഭമാകുന്നതോടെ വര്‍ഷം അയ്യായിരം പേര്‍ പുകവലി കാരണം മരിക്കാന്‍ സാധ്യതയുള്ളതായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. നീക്കം പുകയില ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് വേണ്ടിയുളളതാണെന്നും ഇവര്‍ വിമര്‍ശിക്കുന്നു. അതേസമയം നിരോധനം ഇപ്പോള്‍ നടപ്പിലാക്കിയാല്‍ പുകയില ഉല്‍പ്പന്നങ്ങളുടെ കരിഞ്ചന്ത വില്‍പന സജീവമാകുമെന്നും അത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കുമെന്നുമുളള വിലയിരുത്തലിലാണ് പുതിയ ഭരണകൂടം.
Discussion about this post