തിരുവനന്തപുരം : കേരളത്തിൽ ഇതുവരെയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഏറ്റവും അധികം പണം ചിലവഴിച്ചത് പിണറായി സർക്കാർ ആണെന്ന് സിപിഎം നിരവധി തവണ ആവർത്തിച്ചു പറയുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മറ്റ് പല കാര്യങ്ങൾക്കും ആണ് പിണറായി സർക്കാർ ചെലവഴിച്ചതെന്ന് വ്യക്തമാക്കുന്നു.
മറ്റൊരു സർക്കാരുകളും ഇതുവരെ ചെയ്യാത്ത രീതിയിൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടും സഹകരണ വകുപ്പിന്റെ ഫണ്ടും എല്ലാം പിണറായി സർക്കാർ ദുരിതാശ്വാസ നിധിയിലേക്കു മാറ്റി. കോവിഡിലും രണ്ടു പ്രളയത്തിലുമായി സർക്കാർ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത് 5744.89 കോടി രൂപയാണ്. 2018 ലെയും 2019 ലെയും പ്രളയങ്ങളുടെ ഭാഗമായി ജനങ്ങളിൽ നിന്നും സമാഹരിച്ചത് 3096.33 കോടി രൂപയാണ്.
1229.89 കോടി രൂപ സാലറി ചലഞ്ച് വഴിയും സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ ജനങ്ങളിൽ നിന്നും നിർബന്ധം ചെലുത്തി സർക്കാർ ജീവനക്കാരിൽ നിന്നും സമാഹരിച്ച ഈ കോടികൾ പക്ഷേ ചെലവഴിച്ചത് മറ്റ് പല കാര്യങ്ങൾക്കും ആണ്.
സാധാരണ രീതിയിൽ സർക്കാർ നേരിട്ട് പണം ചെലവഴിക്കേണ്ട സപ്ലൈകോയുടെ ഓണ ചെലവുകൾ, സഹകരണ വകുപ്പിന്റെ ഭവന പദ്ധതികൾ, പാഠപുസ്തകങ്ങളുടെ പ്രിന്റിംഗ് എന്നിവക്കെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുമാണ് പണം ചെലവഴിച്ചിട്ടുള്ളത്. ഫിഷറീസ് വകുപ്പ് നേരിട്ട് നടപ്പിലാക്കേണ്ട മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതി, ചെറുകിട വ്യവസായികൾക്ക് വ്യവസായ വകുപ്പ് നൽകുന്ന സഹായ പദ്ധതികൾ എന്നിവയ്ക്കും പണം വകയിരുത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുമാണ്. സർക്കാർ നേരിട്ട് ചെലവ് നടത്തേണ്ട ഇത്തരം കാര്യങ്ങൾക്കായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ഭൂരിഭാഗം പണവും ചിലവഴിച്ചിരിക്കുന്നത്.
Discussion about this post