തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ നവകേരള സദസിനെതിരെ ബോംബ് ഭീഷണി. നവകേരള സദസ്സിന്റെ വേദിയിലും മുഖ്യമന്ത്രിയുൾപ്പെടെ മന്ത്രിമാർ സഞ്ചരിക്കുന്ന ബസ്സിലും ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഓഫിസിലാണു ഭീഷണിക്കത്തു ലഭിച്ചത്.
പോസ്റ്റ്കാർഡിലാണ് സന്ദേശം ലഭിച്ചത്. മൂന്നു സ്ഥലത്ത് ബോംബ് വയ്ക്കും എന്നാണ് ഭീഷണി. മന്ത്രിമാർ സഞ്ചരിക്കുന്ന ബസ്സിലേക്ക് ചാവേർ ഓടിക്കയറും എന്നും കത്തിലുണ്ട്.മന്ത്രിയുടെ ഓഫിസ് കത്ത് പോലീസ് മേധാവിക്കു കൈമാറി.
നേരത്തെ കോഴിക്കോട്ടും വയനാട്ടിലും ഭീഷണിക്കത്ത് ലഭിച്ചിരുന്നു. രണ്ടിടത്തും മാവോയിസ്റ്റുകളുടെ പേരിലായിരുന്നു ഭീഷണി. ഈ സംഭവങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ഭീഷണിക്കത്ത് എത്തിയിരിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ പര്യടനം ആരംഭിക്കുന്നതിന് മുമ്പാണ് നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി കത്തെത്തിയത്. വയനാട് ദളത്തിന്റെ പേരിൽ ജില്ലാ കലക്ടർക്കാണ് ഭീഷണി കത്ത് കിട്ടിയത്. കഴിഞ്ഞ ദിവസം വയനാട്ടിലും നവകേരള സദസിനെതിരെ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്.












