ഡെറാഡൂൺ: ഉത്തരകാശിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ ഇന്നും തുടരുകയാണ്. തൊഴിലാളികളുടെ അടുത്തേക്ക് ഇനി 5 മീറ്റർ മാത്രമാണ് ബാക്കിയുള്ളത്. റാറ്റ്-ഹോൾ ഖനന വിദഗ്ധരുടെ ഒരു സംഘം തിങ്കളാഴ്ച മാനുവൽ ഡ്രില്ലിംഗ് ആരംഭിച്ചിരുന്നു. ഇത് വേഗത്തിൽ തന്നെ വിജയം കാണുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സേന. മറ്റ് തടസങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ഇന്ന് തന്നെ തൊഴിലാളികളെ പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തകരാറിലായ ഒഗർ മെഷീന്റെ ഭാഗങ്ങൾ ഇന്നലെയോടെ പൂർണമായും നീക്കം ചെയ്തിരുന്നു.
ചൊവ്വാഴ്ച്ച വരെ 86 മീറ്ററോളം തുരന്ന് കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. തകർന്ന തുരങ്കത്തിന്റെ അവസാന ഭാഗങ്ങൾ 12 റാറ്റ്-ഹോൾ ഖനന വിദഗ്ധർ ചേർന്നാണ് തുരന്ന്കൊണ്ടിരിക്കുന്നത്. 51.5 മീറ്ററിൽ ഹൊറിസോണ്ടൽ ഡ്രില്ലിംഗും പൂർത്തിയായിക്കഴിഞ്ഞു.
സാങ്കേതികതയിൽ വിദഗ്ധരായ ആളുകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് സർക്കാരിന്റെ നോഡൽ ഓഫീസർ നീരജ് ഖൈർവാൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്ര, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി എസ്എസ് സന്ധു എന്നിവർ തിങ്കളാഴ്ച സിൽക്യാര സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങളുടെ അവലോകനം നടത്തി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളോട് മിശ്ര സംസാരിച്ചു. രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രദേശത്ത് നേരീയ മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഇതേതുടർന്ന് കാലാവസ്ഥാ വകുപ്പ് പ്രദേശത്ത് യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post