ദുബായ്: സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇന്ത്യന്‍ വ്യവസായി ദിലീപ് പോപ്ലിയുടെ മകള്‍ വിധി പോപ്ലിയുടെ വിവാഹ വീഡിയോ. ആകാശത്ത് പറന്നുകൊണ്ടിരുന്ന ബോയിങ് 747 വിമാനമായിരുന്നു വിവാഹവേദി. കഴിഞ്ഞ 24 നായിരുന്നു ദുബായിലെ ഏറ്റവും വലിയ ആഢംബര സ്വകാര്യ വിമാന ടെര്‍മിനല്‍ ആയ ജിറ്റെക്സില്‍ നിന്ന് വിവാഹത്തിനായി ബോയിങ് 747 പറന്നുയര്‍ന്നത്.
ദുബായില്‍ നിന്ന് ഒമാനിലേക്ക് മൂന്ന് മണിക്കൂര്‍ കൊണ്ട് പറന്ന വിമാനത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹവേദിക്ക് സമാനമായുളള അലങ്കാരങ്ങളും വിമാനത്തില്‍ ഒരുക്കിയിരുന്നു. വിമാനത്തിലേക്ക് കയറുന്ന കോണിപ്പടിയില്‍ ഉള്‍പ്പെടെ പൂക്കളും മറ്റും ഉപയോഗിച്ച് അലങ്കരിച്ചാണ് വധൂവരന്‍മാരെ ആനയിച്ചത്. സിഖ് വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന് മുന്‍പില്‍ സിഖ് പ്രാര്‍ത്ഥന ചൊല്ലിയായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ 350 ഓളം പേരായിരുന്നു അതിഥികള്‍.
വ്യത്യസ്തമായ രീതിയില്‍ വിവാഹം കഴിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വധുവരന്‍മാര്‍ പറഞ്ഞു. ഹൈസ്‌കൂള്‍ കാലം മുതലുള്ള ഇവരുടെ പ്രണയം ആണ് വിവാഹത്തില്‍ എത്തിയത്.
കഴിഞ്ഞ 30 വര്‍ഷമായി ദിലീപ് ദുബായില്‍ ആണ് താമസിക്കുന്നത്. ദിലീപ് പോപ്ലി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്. ഇന്ത്യയിലും യുഎഇയിലും ജ്വല്ലറി, വജ്ര ബിസിനസില്‍ പ്രമുഖരാണ് ദിലീപ് പോപ്ലിയും കുടുംബവും.
വിമാനത്തിലെ വിവാഹം അതിഥികളും നന്നായി ആസ്വദിച്ചു. പാട്ടുപാടിയും വധൂവരന്‍മാരുടെ പേരുകള്‍ പലവട്ടം ഉച്ചത്തില്‍ വിളിച്ചും ചടങ്ങ് ആഘോഷമാക്കി. എല്ലാവര്‍ക്കും ചടങ്ങുകള്‍ കാണാന്‍ വിമാനത്തിനുളളില്‍ ചെറിയ പ്രൊജക്ടറും വെച്ചിരുന്നു. വിമാനത്തിനുളളില്‍ തന്നെ പങ്കെടുത്തവര്‍ക്ക് ഭക്ഷണവും ഒരുക്കിയിരുന്നു.
ദിലീപ് പോപ്ലിയുടെ വിവാഹം നടന്നത് ഇതുപോലെ തന്നെയായിരുന്നു. 28 വര്‍ഷം മുമ്പ് മാതാപിതാക്കളുടെ വിവാഹം നടന്നത് പോലെ തന്റെയും വിവാഹം നടക്കണം എന്നായിരുന്നു മകളുടെ ആഗ്രഹം. അത് സഫലമാക്കികൊടുത്തുവെന്ന് ആയിരുന്നു പിതാവ് ദിലീപ് പോപ്ലിയുടെ പ്രതികരണം.
Discussion about this post