ഇറ്റാനഗർ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 58 മുതിർന്ന ഉദ്യോഗസ്ഥർക്ക് പുതിയ നിയമനങ്ങൾ നൽകി അരുണാചൽ പ്രദേശ് സർക്കാർ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് ചീഫ് സെക്രട്ടറി ധർമേന്ദ്ര ഉത്തരവിൽ വ്യക്തമാക്കി.
രണ്ട് ഐഎഎസ് ഓഫീസർമാരെയും 56 അരുണാചൽ പ്രദേശ് സിവിൽ സർവീസുകളെയും തസ്തിക മാറ്റി നൽകിയതായി തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ഹെൽത്ത് സ്‌പെഷ്യൽ സെക്രട്ടറി എച്ച്‌പി വിവേകിനെ ലോവർ സുബൻസിരി ഡെപ്യൂട്ടി കമ്മീഷണറായും എഡ്യുക്കേഷൻ സ്‌പെഷ്യൽ സെക്രട്ടറി ഇര സിംഗാളിനെ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായും (ഒഎസ്‌ഡി) നിയമിച്ചു.
അരുണാചൽ പ്രദേശ് സ്റ്റാഫ് സെലക്ഷൻ ബോർഡ് (എപിഎസ്എസ്ബി) ജോയിന്റ് സെക്രട്ടറി ദുലി കംദുക്കിന് ബോർഡിന്റെ അഡീഷണൽ സെക്രട്ടറിയായും ലാൻഡ് മാനേജ്‌മെന്റ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് ജോയിന്റ് സെക്രട്ടറി ബിജെ ദുയക്ക് വകുപ്പിന്റെ അഡീഷണൽ സെക്രട്ടറിയായും സ്ഥാനക്കയറ്റം നൽകി. ന്യൂഡൽഹി അരുണാചൽ ഭവന്റെ ഡെപ്യൂട്ടി റസിഡന്റ് കമ്മീഷണർ സംഗീത് ദുബെയ്ക്ക് അഡീഷണൽ റസിഡന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം നൽകി.
മുതിർന്ന എപിസിഎസ് ഓഫീസർ റുജ്ജും രക്ഷപിനെ ലോവർ സിയാങ് ഡെപ്യൂട്ടി കമ്മീഷണറായും ഇറ്റാനഗർ ക്യാപിറ്റൽ റീജിയണിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറായ ജികെൻ ബോംജെനെ പാപും പാരെ ഡിസിയായും നിയമിച്ചു.
Discussion about this post