ന്യൂഡൽഹി : രാജ്യത്തിനായി പോരാടാൻ തയ്യാറായി സൈന്യത്തിൽ ചേരാൻ എത്തുന്നത് നിരവധി പെൺകുട്ടികൾ. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന അഗ്നിവീർ വനിതാ റിക്രൂട്ട്മെന്റ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് ആയിരത്തോളം പെൺകുട്ടികളാണ്. നവംബർ 25 ന് പുരുഷന്മാരുടെ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലികൾ സമാപിച്ചതിന് ശേഷം നവംബർ 27 ന് ആണ് വനിതാ റിക്രൂട്ട്മെന്റ് റാലികൾ ആരംഭിച്ചത്.
അതിരാവിലെ മോശം കാലാവസ്ഥയിലും മഞ്ഞുവീഴ്ചയ്ക്കിടയിലും തങ്ങളുടെ ശാരീരിക ക്ഷമതയും കഴിവും പ്രകടിപ്പിക്കാനായി പെൺകുട്ടികൾ AMC (ആർമി മെഡിക്കൽ കോർപ്സ്) സ്റ്റേഡിയത്തിലേക്ക് എത്തിച്ചേർന്നു. രാജ്യസ്നേഹം കൊണ്ട് സൈന്യത്തിൽ ചേരണമെന്ന് ആഗ്രഹിക്കുന്നവരും നാലുവർഷക്കാലാവധിയിൽ മെച്ചപ്പെട്ട വേതനം ലഭിക്കുമെന്നതിനാൽ സൈന്യത്തിൽ ചേരാനായി എത്തിയവരും സൈന്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന കുടുംബ പാരമ്പര്യം കൊണ്ട് എത്തിയവരും ഈ കൂട്ടത്തിൽ ഉണ്ട്.
അഗ്നിവീർ വനിതാ റിക്രൂട്ട്മെന്റ് റാലിയുടെ രണ്ടാം ദിവസത്തിൽ 500 ലേറെ പേരാണ് സൈന്യത്തിൽ ചേരാൻ താല്പര്യം അറിയിച്ച് എത്തിച്ചേർന്നത്. ചിലർ ഈ റിക്രൂട്ട്മെന്റ് പരിശീലനത്തിനായി മാസങ്ങളോളം കഠിന പ്രയത്നം നടത്തിയവരാണ്. മറ്റു ചിലർ കായികരംഗത്ത് നേരത്തെ തന്നെ കഴിവ് തെളിയിച്ചിട്ടുള്ളവരാണ്. ചില ദേശീയ അത്‌ലറ്റുകൾ പോലും ഈ കൂട്ടത്തിൽ ഉണ്ട്. ഇന്ത്യൻ ആർമിയിൽ ചേർന്ന് രാജ്യത്തിനായി കായിക മത്സരങ്ങളിൽ പങ്കെടുക്കണമെന്നാണ് ഇവരുടെ ആഗ്രഹം. രാജ്യമെങ്ങു നിന്നും വലിയ രീതിയിലുള്ള പ്രതികരണമാണ് അഗ്നിവീർ റിക്രൂട്ട്മെന്റുകൾക്ക് ലഭിക്കുന്നത്.
Discussion about this post