ടെൽ അവീവ്: ദീർഘിപ്പിച്ച വെടിനിർത്തൽ തുടരുന്ന പശ്ചാത്തലത്തിൽ 12 ബന്ദികളെ കൂടി വിട്ടയച്ച് ഹമാസ്. മോചിപ്പിച്ചവരിൽ പത്ത് പേർ ഇസ്രയേൽ സ്വദേശികളും രണ്ട് പേർ വിദേശികളുമാണ്. ഒൻപത് ഇസ്രയേലി സ്ത്രീകളും ഒരു 17 വയസ്സുകാരിയും മോചിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മോചിപ്പിച്ച ബന്ദികളെ റെഡ് ക്രോസ് മുഖേന ഇസ്രയേലിന് കൈമാറി. ഇതിനെ തുടർന്ന് 30 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചു. ബുധനാഴ്ച വരെയാണ് ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത് ഇനിയും നീളാൻ സാദ്ധ്യതയുണ്ട്.
വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇതുവരെ 81 ഇസ്രയേൽ ബന്ദികളെ ഹമാസ് മോചിപ്പിച്ചിട്ടുണ്ട്. 180 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു.
വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം വർദ്ധിച്ചിട്ടുണ്ട്. ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ആരംഭിച്ക യുദ്ധത്തിൽ ഗാസയിൽ നിന്നും ഇതേവരെ മുക്കാൽ ഭാഗം ജനങ്ങളും ഒഴിഞ്ഞ് പോയി എന്നാണ് വിവരം. 2.3 ദശലക്ഷം ആളുകളാണ് നേരത്തേ ഇവിടെ ഉണ്ടായിരുന്നത്.
അതേസമയം വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും, ഹമാസിനെ ഉന്മൂലനം ചെയ്യുകയാണ് ഈ യുദ്ധത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 7ന് നടന്ന ഭീകരാക്രമണത്തെ തുടർന്ന് 240 പേരെ ഹമാസ് ഇസ്രയേലിൽ നിന്നും പിടിച്ചുകൊണ്ട് പോയിരുന്നു. തുടർന്നുണ്ടായ യുദ്ധത്തിൽ 13,300 പേർ കൊല്ലപ്പെട്ടു എന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയം ആരോപിക്കുന്നത്. ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ 1,200 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
Discussion about this post