ഡെറാഡൂൺ: ഉത്തരാഖണ്ഡ് തുരങ്കത്തിൽ നിന്നും രക്ഷപ്പെട്ട 41 തൊഴിലാളികളും സുഖമായിരിക്കുന്നെന്ന് ഉത്തരാഖണ്ഡ് മന്ത്രി പ്രേം ചന്ദ് അഗർവാൾ. തൊഴിലാളികൾ ചികിത്സയിൽ കഴിയുന്ന പ്രാഥമികാരോഗ്യ കേന്ദ്രം സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തൊഴിലാളികകളെല്ലാവരും സുഖമായിരിക്കുന്നു. ആവശ്യമെങ്കിൽ അവരെ ഋഷികേശിലേക്ക് മാറ്റും. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് തൊഴിലാളികളെ പ്രാഥമിക ചികിത്സയ്ക്കായി ചിന്യാലിസൗറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയത്. പരിശോധന കഴിഞ്ഞാൽ അവർ വീട്ടിലേക്ക് പോകും’- അദ്ദേഹം വ്യക്തമാക്കി.
നവംബർ 12നാണ് ഉത്തരാഖണ്ഡിൽ തുരങ്കം തകർന്ന് 41 തൊഴിലാളികൾ അകത്ത് കുടുങ്ങിയത്. 41 പേരിൽ എട്ട് ഉത്തർപ്രദേശിൽ നിന്നും, 15 പേർ ജാർഖണ്ഡിൽ നിന്നും, രണ്ട് പേർ ഉത്തരാഖണ്ഡിൽ നിന്നും, അഞ്ച് പേർ ബീഹാറിൽ നിന്നും, മൂന്ന് പശ്ചിമ ബംഗാളിൽ നിന്നും, അഞ്ച് ഒഡീഷയിൽ നിന്നും, രണ്ട് അസമിൽ നിന്നും, ഒരാൾ ഹിമാചൽ പ്രദേശിൽ നിന്നുമാണ്.
‘ആദ്യ 24 മണിക്കൂർ കഠിനമായിരുന്നു, എന്നാൽ അതിനുശേഷം പൈപ്പ് വഴി ഞങ്ങൾക്ക് ഭക്ഷണം നൽകി. ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു, ഇപ്പോൾ നല്ല ആരോഗ്യവാനാണ്’- മുഴുവൻ രക്ഷാപ്രവർത്തനത്തിനും നന്ദി പറഞ്ഞുകൊണ്ട് തൊഴിലാളികളിൽ ഒരാളായ ജാർഖണ്ഡിലെ സുബോധ് കുമാർ വർമ പറഞ്ഞു.
Discussion about this post