ന്യൂഡൽഹി : രാജ്യത്തെ ദരിദ്ര വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതി 5 വർഷത്തേക്ക് കൂടി നീട്ടി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ആണ് 2024 ജനുവരി 1 മുതൽ 5 വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കും അന്ത്യോദയ പദ്ധതിയിൽ ഉൾപ്പെടുന്ന കുടുംബങ്ങൾക്കും ആണ് പ്രയോജനം ലഭിക്കുക.
ഇന്ത്യയിലെ 81 കോടി ജനങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ചു കിലോ സൗജന്യ ഭക്ഷ്യധാന്യവും അന്ത്യോദയ കുടുംബങ്ങൾക്ക് പ്രതിമാസം 35 കിലോ സൗജന്യ ഭക്ഷ്യധാന്യവും പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി ലഭിക്കുന്നതാണ്.
കോവിഡ് പ്രതിസന്ധി കാലത്ത് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാനായി 2020-ൽ ആണ് കേന്ദ്രസർക്കാർ ഈ പദ്ധതി അവതരിപ്പിച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് (NFSA) കീഴിൽ സബ്‌സിഡിയുള്ള 5 കിലോ ഭക്ഷ്യധാന്യത്തിന് പുറമേ ഒരു ഗുണഭോക്താവിന് പ്രതിമാസം 5 കിലോ സൗജന്യ ഭക്ഷ്യധാന്യവും ഈ പദ്ധതി വഴി ലഭിക്കുന്നതാണ്.
2022 ഡിസംബറിൽ ഈ പദ്ധതിയുടെ കാലാവധി പൂർത്തിയായെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിലൂടെ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. കഴിഞ്ഞദിവസം ഈ പദ്ധതി 5 വർഷത്തേക്ക് കൂടി നീട്ടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.











Discussion about this post