2026 ലെ ടി20 ലോകകപ്പ് ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയതിനെതിരെ സംസാരിച്ച് മുൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്ക് രംഗത്ത്. സെലക്ഷൻ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് വ്യക്തതയില്ലായ്മയാണ് തീരുമാനം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ സമാപിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ കളിച്ച ജിതേഷ് ശർമ്മയോടൊപ്പം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന ഗില്ലിനെയും ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ല.
സെലക്ഷന് ശേഷം സംസാരിച്ച കാർത്തിക്, ഗില്ലിനെ ഒഴിവാക്കിയത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു. രണ്ട് ഫോർമാറ്റിൽ ടീമിന്റെ നായകനും ഒന്നിൽ ഉപനായകനുമായിരുന്നിട്ടും ഗില്ലിന് ഈ ബുദ്ധിമുട്ട് വരുമെന്ന് കരുതിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. “ടീം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന ശുഭ്മാൻ ഗില്ലിനെ പ്ലെയിംഗ് ഇലവനിൽ നിന്ന് മാത്രമല്ല, ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അവർ ഇഷാൻ കിഷന്റെ രൂപത്തിൽ മറ്റൊരു ഓപ്പണറെ ചേർത്തു, ജിതേഷ് ശർമ്മയെയും ഒഴിവാക്കി. ജിതേഷ് ശർമ്മയ്ക്ക് പകരം റിങ്കു സിങ്ങിനെ അവർ തിരഞ്ഞെടുത്തു.
“ശുബ്മാൻ ഗില്ലിനെയും ജിതേഷ് ശർമ്മയെയും ഒഴിവാക്കിയത് ഒരു വലിയ വാർത്തയാണ്. ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല. അത് വ്യക്തതയില്ലായ്മയാണ് കാണിക്കുന്നത്. ശുഭ്മാനെ വളരെക്കാലമായി ടീം പിന്തുണച്ചിരുന്നു. എന്നിട്ടും ലോകകപ്പിനുള്ള ടീമിനെ അവർ തിരഞ്ഞെടുത്തപ്പോൾ അദ്ദേഹം ടീമിൽ ഇല്ലായിരുന്നു,” അദ്ദേഹം പറഞ്ഞു.
അഭിഷേക് ശർമ്മ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവരുടെ സാന്നിധ്യം ഇന്ത്യയെ ശക്തരാക്കുന്നുവെന്ന് കാർത്തിക് പറഞ്ഞു. എന്നിരുന്നാലും, ടി20യിൽ നിന്ന് വിരമിച്ച വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും അഭാവം അദ്ദേഹം എടുത്തുപറഞ്ഞു.
“ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും അനുഭവം ഇന്ത്യയ്ക്ക് ഉണ്ടാകില്ല. സൂര്യകുമാർ യാദവ് ഫോമിലല്ല. അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തിയാൽ അത് ഇന്ത്യയെ സഹായിക്കും. ഇവയാണ് ആശങ്കാജനകമായ രണ്ട് മേഖലകൾ,” അദ്ദേഹം കൂട്ടിച്ചേർത്തു.












Discussion about this post