എറണാകുളം : ശബരിമല വിമാനത്താവളത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം കോടതി റദ്ദാക്കി. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും അനുബന്ധ റിപ്പോർട്ടുകളും ആണ് ഹൈക്കോടതി റദ്ദാക്കിയത്. എന്തിനാണ് ഇത്രയധികം ഭൂമി ഏറ്റെടുക്കുന്നതെന്നും കോടതി ചോദ്യമുന്നയിച്ചു.
വിമാനത്താവളത്തിനായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് ആവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാധാരണ ഒരു വലിയ വിമാനത്താവളത്തിന് ആവശ്യമുള്ളതിൽ ഇരട്ടിയിലധികം ഭൂമിയാണ് സർക്കാർ ഏറ്റെടുക്കാൻ ശ്രമിക്കുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണമെന്നാണ് നിയമം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വിമാനത്താവളങ്ങൾക്ക് 1200 ഏക്കർ ഭൂമി മാത്രം മതിയാകും. എന്നാൽ ശബരിമല വിമാനത്താവളത്തിനായി എന്തിനാണ് 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് എന്നും കോടതി സർക്കാരിനോട് ചോദിച്ചു.
ജസ്റ്റിസ് സി. ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഗോസ്പല്‍ ഏഷ്യ ആണ് ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭൂമി ഏറ്റെടുക്കുന്നതിനെതിരെയായിരുന്നു സംഘടനയുടെ നീക്കം.












Discussion about this post