ദിസ്പുർ : അസമിലെ ദിബ്രുഗഡ് ജില്ലയിൽ ₹10,601 കോടിയുടെ ബ്രൗൺഫീൽഡ് അമോണിയ-യൂറിയ പ്ലാന്റിന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡ് സ്ഥാപിക്കുന്ന ഈ പദ്ധതിക്ക് 12.7 ലക്ഷം മെട്രിക് ടൺ വാർഷിക യൂറിയ ശേഷിയുണ്ടാകും. 2030 ൽ നിർമ്മാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്യും.
ബ്രഹ്മപുത്ര വാലി ഫെർട്ടിലൈസർ കോർപ്പ് ലിമിറ്റഡിന്റെ (BVFCL) നിലവിലുള്ള സ്ഥലത്ത് ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കാൻ ഈ വർഷം മാർച്ചിൽ ആണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. അസം സർക്കാർ, ഓയിൽ ഇന്ത്യ, നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഉർവാരക് & രസായൻ ലിമിറ്റഡ് , BVFCL എന്നിവയുടെ സംയുക്ത സംരംഭമാണ് അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡ്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി ശനിയാഴ്ചയാണ് അസമിലെത്തിയത്. 15,600 കോടി രൂപയുടെ ഒന്നിലധികം പദ്ധതികൾ അദ്ദേഹം അനാച്ഛാദനം ചെയ്തു. അസം, വടക്കുകിഴക്കൻ മേഖല, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വളം ആവശ്യകത നിറവേറ്റുന്നതിൽ അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡ് നിർണായക സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.












Discussion about this post