ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതികൾ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള ഭാരത് സങ്കൽപ്പ് യാത്രയിൽ സജീവമായി പങ്കെടുക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.
സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പദ്ധതികൾ എങ്ങനെയാണ് രൂപീകരിച്ചിട്ടുള്ളതെന്ന് ജനങ്ങളിലേക്കെത്തിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചൊവ്വാഴ്ച്ച നടന്ന യോഗത്തിൽ പ്രധാനമന്ത്രി നിർദേശം നൽകി.
വിഐപി ആയിട്ടല്ല, സംഘാടകര്‍ എന്ന നിലയിലാണ് യാത്രയില്‍ പങ്കെടുക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. അവരവരുടെ മണ്ഡലങ്ങളിലെ വോട്ടര്‍മാരുമായി താഴേത്തട്ടിൽ ബന്ധമുണ്ടാക്കണമെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളിലേക്കെത്താനും കേന്ദ്രത്തിന്റെ പദ്ധതികള്‍ അവതരിപ്പിക്കാനുമുള്ള അവസരമാണ് ഭാരത് സങ്കല്‍പ്പ് യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അര്‍ഹരായവരിലേക്ക്, പ്രത്യേകിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരിലേക്ക് ക്ഷേമപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്നും മോദി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.
‘വികസിത ഇന്ത്യ’യെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായുള്ള ശ്രമങ്ങളാണിത്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
ഈ വര്‍ഷം ജൂണ്‍ മുതല്‍ തന്നെ വരുന്ന തിരഞ്ഞെടുപ്പിനുവേണ്ടിയുള്ള പ്രവര്‍ത്തനം ബിജെപി തുടങ്ങിയിരുന്നു. ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ജൂണില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ജെ.പി നദ്ദ തുടങ്ങിയവരും മറ്റു മുതിര്‍ന്ന നേതാക്കളും പങ്കെടുത്തിരുന്നു.











Discussion about this post