ഡെറാഡൂൺ: സിൽക്യാര തുരങ്കത്തിനുള്ളിലെ രക്ഷാപ്രവർത്തനം നടത്തിയ ഏഫഎല്ലാ ജീവനക്കാർക്കും 50,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. നേരത്തെ തുരങ്കത്തിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളികളെ ചിന്യാലിസൗർ ആശുപത്രിയിൽ പോയി സന്ദർശിക്കുകയും സുഖവിവരം അന്വേഷിക്കുകയും ചെയ്തിരുന്നു. തൊഴിലാളികളുമായി സംസാരിച്ചതായും എല്ലാവരും പൂർണ ആരോഗ്യവാൻമാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാൻ തൊഴിലാളികളെ നേരിൽ കണ്ടു. എല്ലാവരും ആരോഗ്യവാന്മാരാണ്. അവരുടെ കുടുംബാംഗങ്ങളും സന്തുഷ്ടരാണ്. ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ല. തൊഴിലാളികളെ ഋഷികേശിലെ എയിംസിലേക്ക് അയക്കും. അവിടെയും പരിശോനകൾ നടത്തും. കുടുങ്ങിപ്പോയ തൊഴിലാളികൾക്കായി പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ചെക്കുകളും രക്ഷാപ്രവർത്തകർക്ക് അര ലക്ഷം രൂപ പ്രതിഫലവും നൽകും’- അദ്ദേഹം വ്യക്തമാക്കി.
തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ധൈര്യത്തെയും രക്ഷാപ്രവർത്തകരുടെ ധീരതയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.
‘ഉത്തർകാശിയിലെ നമ്മുടെ തൊഴിലാളി സഹോദരങ്ങളുടെ രക്ഷാപ്രവർത്തനത്തിന്റെ വിജയം എല്ലാവരേയും വികാരഭരിതരാക്കുന്നു. നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരേയും പ്രചോദിപ്പിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും നല്ല ആരോഗ്യം ഉണ്ടാകട്ടെയെന്ന് നേരുന്നു. ഒരു നീണ്ട കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ ഈ സുഹൃത്തുക്കൾ ഇപ്പോൾ അവരുടെ പ്രിയപ്പെട്ടവരെ കാണുമെന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ കുടുംബങ്ങളെല്ലാം കാണിക്കുന്ന ക്ഷമയും ധൈര്യവും പ്രശംസിച്ചാൽ മതിയാവില്ല’- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post