ഹൈദരാബാദ്: ആഴ്ചകൾ നീണ്ടു നിന്ന പ്രചാരണങ്ങൾക്കൊടുവിൽ, തെലങ്കാനയിലെ വോട്ടർമാർ വിധിയെഴുത്ത് ആരംഭിച്ചു. ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 119 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ 7.00 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5.00ന് അവസാനിക്കും. ഡിസംബർ 3നാണ് ഫലപ്രഖ്യാപനം.
കമ്മ്യൂണിസ്റ്റ് ഭീകരവാദ ഭീഷണിയുള്ള 13 മണ്ഡലങ്ങളിൽ വൈകുന്നേരം 4.00ന് വോട്ടെടുപ്പ് അവസാനിക്കും. 2018ൽ മികച്ച വിജയം നേടി അധികാരത്തിലെത്തിയ ടി ആർ എസ്, കോൺഗ്രസ്, ബിജെപി എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം. 119ൽ 88 സീറ്റുകളും നേടിയായിരുന്നു അന്ന് ടി ആർ എസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി ഭരണമാറ്റം ഉണ്ടാകുമെന്നാണ് ദേശീയ പാർട്ടികളായ കോൺഗ്രസും ബിജെപിയും കണക്ക് കൂട്ടുന്നത്. വിജയം ആവർത്തിക്കുമെന്നാണ് ബി ആർ എസ് അവകാശപ്പെടുന്നത്.
തെലങ്കാനയിലെ എല്ലാ വോട്ടർമാരും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി വോട്ടെടുപ്പിൽ ചരിത്രം സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ജനാധിപത്യത്തിന്റെ ഈ ആഘോഷം ഉത്സവമാക്കി മാറ്റുക. യുവാക്കളും കന്നി വോട്ടർമാരും ഈ ഉത്സവം ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
2,290 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ആകെ മത്സര രംഗത്തുള്ളത്. 35,655 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടര ലക്ഷം ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ നിയന്ത്രിക്കുന്ന തിരഞ്ഞെടുപ്പിൽ, 3.26 കോടി ജനങ്ങൾക്കാണ് വോട്ടവകാശം.
Discussion about this post