തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നവർ ശ്രദ്ധ പുലർത്തണമെന്ന് കേരള പോലീസ്. ഈ രീതിയിൽ പണമിടപാടുകൾ നടത്തുന്നത് സുരക്ഷിതമല്ലെന്നും കേരള പോലീസിന്റെ ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന് പോസ്റ്റിൽ പറയുന്നു. പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കിയിരിക്കുന്ന സൗജന്യ ഹോട്ട്സ്പോട്ടുകൾ വഴി യുപിഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കരുതെന്നും
ഇത് നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് കൂടുതൽ സൗകര്യമൊരുക്കി കൊടുക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ പരമാവധി ശ്രദ്ധ പുലർത്തണം.
പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാർത്ഥ്യം. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാതിരിക്കുക. പാസ് വേഡും യു.പി.ഐ ഐഡിയും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പബ്ലിക് വൈ ഫൈ മുഖേന ചോരാൻ സാദ്ധ്യതയേറെയാണ്. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ, ഫോട്ടോകൾ, ഫോൺ നമ്പരുകൾ, ലോഗിൻ വിവരങ്ങൾ എന്നിവയും ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്സ്പോട്ടുകൾ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ പണമിടപാടുകൾ നടത്തുകയോ ചെയ്യരുത്.
ഇത്തരത്തിൽ ഓണലൈൻ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്താൽ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റർ ചെയ്യാം. ഓർമ്മിക്കുക, ഒരു മണിക്കൂറിനകം വിവരം 1930 ൽ അറിയിച്ചാൽ പൊലീസിന് പണം തിരിച്ചുപിടിക്കാൻ എളുപ്പത്തിൽ കഴിയും.
Discussion about this post