ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ചത്തീസ്ഗഢ്,മദ്ധ്യപ്രദേശ്,രാജസ്ഥാൻ,തെലങ്കാന,മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
രാജസ്ഥാനിൽ ബിജെപി 100-122 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 62-85 സീറ്റുകൾ നേടുമെന്നും ജൻ കി ബാത്ത് എക്‌സിറ്റ് പോൾ പ്രവചനം. പോൾ സ്ട്രാറ്റ് ബിജെപിയ്ക്ക് 100 മുതൽ 110 സീറ്റുകൾ വരെയും കോൺഗ്രസ് 90 മുതൽ 100 സീറ്റുകൾ വരെയും മറ്റുള്ളവർ 5 മുതൽ 15 വരെയും സീറ്റുകൾ നേടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസ് 56 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ന്യൂസ് 18 എക്‌സിറ്റ് പോൾ ഫലം.
ചത്തീസ്ഗഢിൽ ബിജെപിയ്ക്ക് കാര്യമായ മുന്നേറ്റമുണ്ടാവുമെന്നാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. കോൺഗ്രസിന് 40 മുതൽ 50 സീറ്റ് വരെയാണ് ലഭിക്കുക. ബിജെപിയ്ക്ക് 36 മുതൽ 46 സീറ്റ് വരെയും ലഭിക്കുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ 15 ഇടങ്ങളിലാണ് ബിജെപി വിജയിച്ചത്. ഛത്തീസ്ഗഡിൽ ബിജെപി 34-45 സീറ്റുകളും കോൺഗ്രസ് 42-53 സീറ്റുകളും നേടുമെന്ന് ജൻ കി ബാത്ത് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. അതേസമയം ബിജെപി 29-39 സീറ്റുകളും കോൺഗ്രസ് 54-66 സീറ്റുകൾ നേടുമെന്നുമാണ് ടിവി 5 ന്യൂസ് എക്‌സിറ്റ്‌പോൾ പ്രവചിക്കുന്നത്.
മദ്ധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്.ബിജെപി: 118-130, കോൺഗ്രസ്: 97-107 സീറ്റുകൾ നേടുമെന്നാണ് റിപ്പബ്ലിക്കിന്റെ പ്രവചനം. കോൺഗ്രസും ബിജെപിയും 112-113 സീറ്റുകൾ വരെ നേടുമെന്നാണ് എക്‌സിറ്റ് പോൾ. ജൻകി ബാത് നടത്തിയ സർവ്വേയിൽ മദ്ധ്യപ്രദേശിൽ കോൺഗ്രസ് 102 മുതൽ 125 സീറ്റുകൾ വരെ കോൺഗ്രസ് നേടുമ്പോൾ ബിജെപി 100 മുതൽ 123 സീറ്റുകൾ നേടുമെന്ന് വ്യക്തമാക്കുന്നു.
Discussion about this post