ബംഗളൂരു: അവധി ലഭിക്കാനായി ഹോസ്റ്റലിലെ കുടിവെള്ളത്തിൽ എലിവിഷം കലർത്തി ഒമ്പതാം ക്ലാസുകാരൻ. വിഷം കലർന്ന വെള്ളം കുടിച്ച മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിലെ കോലാർ കെജിഎഫിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം നടന്നത്.
അറസ്റ്റിലായ പതിനാലുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി. വിദ്യാർത്ഥിയെ റിമാൻഡ് ചെയ്ത് സർക്കാരിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്ന് വിദ്യാർത്ഥികളെയും കോലാർ ആർഎൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽവിദ്യാർത്ഥികൾ വിഷം കലർന്ന വെള്ളം കുടിച്ചതായി കണ്ടെത്തി.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ ഒൻപതാംക്ലാസുകാരൻ വിഷം കലർത്തിയത് കണ്ടെത്തിയത്.ഈ കുട്ടിയെ നാല് മാസം മുൻപ് മാതാപിതാക്കൾ നിർബന്ധിച്ച് കെജിഎഫിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിൽ ചേർക്കുകയായിരുന്നു. തിങ്കളാഴ്ച അവധി കഴിഞ്ഞ് വീട്ടിൽ നിന്നെത്തിയ വിദ്യാർത്ഥി ഹോസ്റ്റലിന് അവധി ലഭിച്ചാൽ തിരികെ പോകാമെന്ന് കണക്കുകൂട്ടി. ഇതേ തുടർന്നാണ് വീട്ടിൽ നിന്ന് എലി വിഷവുമായി എത്തിയത്.
Discussion about this post