മലപ്പുറം: മാതൃഭാഷയോട് അൽപമെങ്കിലും ബഹുമാനമുളള ഒരാൾക്കും സീരിയൽ നടി ഗായത്രി വർഷയെ ഇങ്ങനെ പറയാൻ കഴിയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അദ്ധ്യക്ഷയുമായ പികെ ശ്രീമതി. മലയാള സീരിയലുകളുടെ കഥ തീരുമാനിക്കുന്നത് അമിത് ഷായും നരേന്ദ്രമോദിയുമാണെന്ന ഗായത്രി വർഷയുടെ പരാമർശം സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ തീർക്കുമ്പോഴാണ് പി.കെ ശ്രീമതി പിന്തുണയുമായി എത്തിയത്.
മാതൃഭാഷയോട് അൽപമെങ്കിലും ബഹുമാനവും പ്രതിപത്തിയുമുളള ഒരാൾക്കു പോലും ഇതുപോലുളള വാക്കുകൾ മലയാളം അക്ഷരം ഉപയോഗിച്ച് എഴുതാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല. എന്തൊരു അവസ്ഥയാണ്. ഇവർ സൃഷ്ടിക്കുന്നത്. എന്തിനാണിത്. ഇങ്ങനെ എഴുതിയത് കൊണ്ട് ഈ സമൂഹത്തിൽ മറ്റുളളവരിൽ നിന്ന് ബഹുമാനം കിട്ടുമെന്നാണോ, അങ്ങനെ പ്രതീക്ഷിക്കുന്നുണ്ടോയെന്നും പി.കെ ശ്രീമതി സിപിഎമ്മിന്റെ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രതികരണത്തിൽ ചോദിക്കുന്നു.
കേരളത്തിലും ഇന്ത്യയിലും ഭരിക്കുന്നവരെ വിമർശിക്കാൻ ഭരണഘടന അനുവദിക്കുന്നില്ലേ? ജനാധിപത്യ ഭാരതത്തിൽ വിമർശനം പാടില്ലെന്നുണ്ടോ? ഏതൊരാൾക്കും ഏതൊരാളെക്കുറിച്ചും അഭിപ്രായം തുറന്നുപറയാം. നമ്മുടെ രാജ്യത്ത് വരാൻ പോകുന്ന കാലഘട്ടത്ത് സാംസ്‌കാരിക രംഗത്ത് ഉണ്ടാകാൻ പോകുന്ന ഫാസിസ്റ്റ് പ്രവണതയോട് കൂടിയ ഒരു പ്രത്യേക നയസമീപനത്തെക്കുറിച്ചാണ് ഗായത്രി വർഷ പറഞ്ഞതെന്നും പി.കെ ശ്രീമതി കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകൾ സിനിമയിലും സീരിയലിലും അഭിനയിക്കുന്നത് ഇഷ്ടമില്ലാത്ത ആളുകളായിരിക്കണം ഇങ്ങനെ എഴുതുന്നത്. പെൺകുട്ടികളെ അടുക്കളയുടെ മൂലയ്ക്കിരുത്തി അവർ ഒരു തരത്തിലും പുറത്തിറങ്ങാൻ പാടില്ലെന്ന് ചിന്തിക്കുന്ന ന: സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന ആശയക്കാരുടെ ആളുകളാണെന്നതിൽ യാതൊരു സംശയവുമില്ല. രാജ്യം ഭരിക്കുന്ന സർക്കാരിന് നേതൃത്വം കൊടുക്കുന്നവർ ഇതൊന്നു ശ്രദ്ധിക്കണമെന്നും പി.കെ ശ്രീമതി പറയുന്നു.
ഗായത്രി വർഷയെ നേരിട്ടു താൻ വിളിച്ചു. കേട്ടാൽ ആർക്കും ആകർഷണം തോന്നുന്ന രീതിയിലായിരുന്നു പ്രസംഗം. ഒരു നടി ഘനഗാംഭീര്യത്തോട് കൂടി പ്രസംഗം നടത്തുന്നത് മനുസിദ്ധാന്തം നടപ്പിലാക്കാൻ ശ്രമിക്കുന്നവർക്ക് ചിന്തിക്കാനാകില്ലെന്നും പി.കെ ശ്രീമതി പറയുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന സാംസ്‌കാരിക പരിപാടിയിലായിരുന്നു ഗായത്രി വർഷയുടെ വാക്കുകൾ. മലയാളം സീരിയലുകളിൽ ഒരു ന്യൂനപക്ഷ കഥയുണ്ടോ മുസ്ലീമിന്റെയോ ക്രിസ്ത്യന്റെയോ കഥയുണ്ടോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു തുടക്കം. ആറ് മണി മുതൽ പത്ത് മണി വരെയുളള സീരിയലുകളിൽ ഒരു മുസൽമാൻ കഥാപാത്രമുണ്ടോ? ചട്ടയും മുണ്ടുമിട്ട അമ്മച്ചി കഥാപാത്രമുണ്ടോ? ഒരു ക്രിസ്ത്യൻ പളളീലച്ചൻ ഉണ്ടോ ഒരു മൊല്ലാക്കയുണ്ടോ ഒരു ദളിതനുണ്ടോ എന്നായിരുന്നു ചോദ്യം. ഇതെല്ലാം നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും സവർണ ഫാസിസ്റ്റ് ഭരണകൂടം തീരുമാനിക്കുമെന്നും നടി കൂട്ടിച്ചേർത്തു. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴയ്ക്ക് വഴിയൊരുക്കിയത്.
Discussion about this post