കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പോലീസിന്. കുട്ടിയെ കടത്തിയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ റിക്ഷയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവറും കസ്റ്റഡിയിലായത്. ചിറക്കര ഭാഗത്ത് വച്ചാണ് ഓട്ടോറിക്ഷ പോലീസ് പിടികൂടിയത്. ഈ ഭാഗത്താണ് കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്.
ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കുളമടയിലെ പെട്രോള്‍ പമ്പില്‍ നിന്നാണ് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പോലീസിന് കിട്ടിയിട്ടുണ്ട്.
വിവരങ്ങൾ ചോദിച്ചറിയുന്നതിനായി ആണ് ഡ്രൈവറെ കസറ്റഡിയിലെടുത്തത്. കേസിൽ ബന്ധമില്ലെങ്കിൽ ഡ്രൈവറെ വിട്ടയക്കുമെന്നാണ് വിവരം. അതേസമയം, സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കറാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയിലേക്ക് അന്വേഷണമെത്തിയിരിക്കുന്നത്. കേസിൽ ചിറക്കര സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്.
Discussion about this post