തിരുവനന്തപുരം; ജനങ്ങളുടെ പരാതി പരിഹരിക്കാനെന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിൽ പരാതി നൽകിയിട്ടും ഫലം കാണാത്തതിനെ തുടർന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് മുൻപിൽ ഭിന്നശേഷിക്കാരുടെ പ്രതിഷേധം. വിവിധ വകുപ്പുകളിൽ താൽക്കാലികമായി ജോലി ചെയ്തുവന്ന ഭിന്നശേഷിക്കാർക്ക് സ്ഥിരം നിയമനം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
2004 മുതൽ താൽക്കാലികമായി ജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്താം എന്ന് പറഞ്ഞ് സർക്കാർ തങ്ങളെ വഞ്ചിക്കുകയാണെന്ന് ഇവർ പറയുന്നു. ഡിസംബർ ഒന്ന് മുതൽ അനിശ്ചിതകാല കൂട്ടനിരാഹാരസമരം ആരംഭിക്കുമെന്ന് ഇവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു സെക്രട്ടറിയേറ്റ് നടയിൽ റോഡ് തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് എംജി റോഡിൽ രാവിലെ ഗതാഗത തടസം ഉണ്ടായി.
നവകേരള സദസ്സിൽ മഞ്ചേശ്വരം മുതൽ എല്ലാ വേദികളിലും തങ്ങൾ പരാതി നൽകുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്ന് വഞ്ചനാദിനമായും ഇവർ ആചരിക്കും. ഭിന്നശേഷിക്കാരുടെ സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരം.
നടപടിയുണ്ടാകുന്നതു വരെ സമരം തുടരുമെന്നാണ് ഇവർ പറയുന്നത്. നവകേരള സദസ്സിൽ ലഭിക്കുന്ന പരാതികളിൽ എല്ലാം പരിഹാരം കാണുന്നുവെന്നും ജനങ്ങൾക്ക് ആശ്വാസമാണെന്നുമൊക്കെ സർക്കാരും മന്ത്രിമാരും പൊതുയോഗങ്ങളിൽ ആവർത്തിക്കുന്നതിനിടെയാണ് പ്രത്യക്ഷ പ്രതിഷേധവുമായി ഭിന്നശേഷിക്കാർ സെക്രട്ടറിയേറ്റിന് മുൻപിലെത്തിയത്.













Discussion about this post