ന്യൂഡൽഹി : മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി മാറ്റി. മിസോറാമിലെ വോട്ടെണ്ണൽ തീയതി ഡിസംബർ മൂന്നിൽ നിന്നും ഡിസംബർ നാലിലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ തീയതി ഡിസംബർ മൂന്നിൽ നിന്നും മാറ്റണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിൽ നിന്നും പ്രത്യേക നിവേദനങ്ങൾ ലഭിച്ചതിനാലാണ് പുതിയ തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഡിസംബർ 3 ഞായറാഴ്ച മിസോറാം നിവാസികൾക്ക് പ്രാദേശികമായി പ്രത്യേകതയുള്ള ദിവസമാണ്. ഈ ദിവസത്തിൽ വോട്ടെണ്ണൽ വരുന്നത് സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കും എന്നുള്ളതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ഇതോടെ വോട്ടെണ്ണൽ തൊട്ടടുത്ത ദിവസമായ ഡിസംബർ 4 ലേക്ക് മാറ്റുകയായിരുന്നു.
നവംബർ 7 ന് ആയിരുന്നു 40 അംഗ മിസോറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. 8.57 ലക്ഷത്തിലധികം വോട്ടർമാരിൽ 80 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. ആകെ 174 പേരായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നിവയുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഡിസംബർ 3ന് ആയിരിക്കും നടക്കുക.
Discussion about this post