വാഷിംഗ്‌ടൺ : ചൈനയിൽ ശ്വാസകോശ രോഗങ്ങളും കുട്ടികളെ ബാധിക്കുന്ന ന്യൂമോണിയയും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ചൈനയിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രകളും പൂർണ്ണമായും നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് അമേരിക്കൻ എം പി മാർ. മാർക്കോ റുബിയോ യുടെ നേതൃത്വത്തിൽ ഉള്ള അഞ്ച് റിപ്പബ്ലിക്കൻ എം പി മാർ ആണ് പ്രെസിഡന്റ് ജോ ബൈഡനോട് ഈ കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.
പുതിയ അസുഖം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കൂടുതലറിയുന്നത് വരെ യുണൈറ്റഡ് സ്റ്റേറ്റ്സിനും ചൈനയ്ക്കും ഇടയിലുള്ള യാത്ര അടിയന്തരമായി നിയന്ത്രിക്കണം , ”സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയിലെ ഉയർന്ന റിപ്പബ്ലിക്കൻ അംഗം റൂബിയോ ഒപ്പിട്ട കത്തിൽ പറയുന്നു.
ചൈനയിൽ വർദ്ധിച്ചു വരുന്ന, ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ന്യുമോണിയയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ലോകാരോഗ്യ സംഘടന ചൈനയോട് നിർദ്ദേശിച്ചിട്ടുണ്ട്.
പ്രായമായവരും തീരെ ചെറുപ്പവും പ്രതിരോധശേഷി കുറഞ്ഞവരും ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തായ്‌വാനും അറിയിപ്പ് നൽകിക്കഴിഞ്ഞു.
ചൈനയിൽ എന്താണ് സംഭവിക്കുന്നത്?
കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനു ശേഷം ആദ്യമായാണ് ചൈന ഒരു പൂർണ്ണ ശൈത്യകാലത്തെ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കണ്ടത്.
ചൈനീസ് ആശുപത്രികളിൽ ഡ്രിപ്പ് സ്വീകരിക്കുന്ന കുട്ടികളുടെ ഫോട്ടോകൾ പല സമൂഹ മാധ്യമ അക്കൗണ്ടുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്, അതേസമയം വടക്കുപടിഞ്ഞാറൻ സിയാൻ പോലുള്ള നഗരങ്ങളിലെ മാധ്യമങ്ങൾ തിരക്കേറിയ ആശുപത്രികളുടെ .വിഡിയോകളും പുറത്ത് വിട്ടിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നു എന്ന വിവരം ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ നവംബർ 13 നാണ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ കൂടുതൽ വിശദാംശങ്ങൾ നൽകാൻ അവർ തയ്യാറായതും ഇല്ല. 2019 ലെ കോവിഡ് മഹാമാരിക്ക് സമാനമായ കാര്യങ്ങളാണോ ചൈനയിൽ ഇപ്പോൾ സംഭവിക്കുന്നത് എന്ന ഭയത്തിലാണ് ലോകം. അന്നും വേണ്ട വിവരങ്ങൾ നല്കുവാനോ പ്രവിശ്യകൾ അടച്ചു പൂട്ടുവാനോ ചൈന തയ്യാറാകാത്തത് ആണ് ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ പിടിയിലമരാനുള്ള പ്രധാന കാരണം.
സമാനമായ സാഹചര്യം ഒഴിവാക്കുവാനാണ് യാത്ര നിയന്ത്രണം നിലവിൽ വരുത്തണം എന്ന ആവശ്യവുമായി റിപ്പബ്ലിക്കൻ എം പി മാർ ജോ ബൈഡന് ഇപ്പോൾ കത്ത് നൽകിയിരിക്കുന്നത്
Discussion about this post