ന്യൂഡൽഹി: ജനാധിപത്യത്തിൽ എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യം അനുഭവിക്കണമെങ്കിൽ ഭരണകൂടം ദുർബല വിഭാഗങ്ങൾക്കൊപ്പം നിൽക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. സംഖ്യാപരമായാലും സാമൂഹികമായാലും, ന്യൂനപക്ഷങ്ങൾക്കൊപ്പമായിരിക്കണം സർക്കാർ നിലകൊള്ളേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ജസ്റ്റിസ് കേശവ് ചന്ദ്ര ധൂലിയ അനുസ്മരണ പ്രഭാഷണം നടത്തവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. നിലവിലെ സുപ്രീം കോടതി ജഡ്ജി സുധാംശു ധൂലിയയുടെ പിതാവാണ് ജസ്റ്റിസ് കേശവ് ചന്ദ്ര ധൂലിയ.
സാമൂഹികമായ ബന്ധങ്ങളെ തികച്ചും നവീനമായ മാർഗത്തിലൂടെ പുനർനിർമിക്കാൻ ജനാധിപത്യത്തിന് സാധിക്കുന്നു. വ്യക്തികൾക്ക് മേൽ അധികാരം പ്രയോഗിക്കാൻ നൈസർഗികമായി യാതൊരു സ്രോതസ്സിനും സാദ്ധ്യമല്ല എന്ന തിരിച്ചറിവാണ് ജനാധിപത്യം. ജനാധിപത്യത്തിൽ ജനങ്ങൾ താത്വികമായി തുല്യരും സ്വതന്ത്രരുമാണ്. ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന തുല്യത സാമൂഹിക യാഥാർത്ഥ്യവുമായി ഒത്ത് പോകണം. ചീഫ് ജസ്റ്റിസ് പറഞ്ഞു.
സ്വതന്ത്രരായ പൗരന്മാർക്ക് തങ്ങളുടെ ചുറ്റുപാടുകളെ വാസ്തവികമായി നിയന്ത്രിക്കാൻ ജനാധിപത്യം അനുവാദം നൽകുന്നു. അധികാര ദുർവിനിയോഗത്തെ ചോദ്യം ചെയ്യാൻ അത് പൗരന്മാർക്ക് അവകാശം നൽകുന്നു. പൗരന്മാർക്ക് രാഷ്ടീയ സംവാദങ്ങളിൽ താത്പര്യമുണ്ടാക്കുന്നത് ജനാധിപത്യമാണ്. പൗരന്മാരുടെ ധാർമിക നിലവാരം വിലയിരുത്തുന്ന ഒരു സാമൂഹിക ക്രമമാണ് ജനാധിപത്യം. തങ്ങളുടെ സ്വാതത്ര്യങ്ങളെ ആസ്വദിക്കാനും താത്പര്യങ്ങളെ സംരക്ഷിക്കാനും ജനാധിപത്യം പൗരന്മാർക്ക് അവസരം നൽകുന്നു. ജനാധിപത്യത്തിൽ പൗരന്മാർ മത്സരാർത്ഥികൾ എന്നതിലപ്പുറം പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
സാമൂഹികമായ ഉച്ചനീചത്വങ്ങളെയും മുൻവിധികളെയും വേരോടെ പിഴുതെറിയാൻ ജനാധിപത്യത്തിന് സാധിക്കുന്നു. ചർച്ചകളിൽ പങ്കെടുക്കാനും കൂട്ടായ തീരുമാനം എടുക്കുവാനുമുള്ള സാമൂഹിക ബോധം ജനാധിപത്യം പ്രദാനം ചെയ്യുന്നു. ജനാധിപത്യത്തിൽ എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യം അനുഭവപ്പെടണമെങ്കിൽ, ഭരണകൂടം ദുർബല വിഭാഗങ്ങൾക്കൊപ്പം നിൽക്കണം. സംഖ്യാപരമായാലും സാമൂഹികമായാലും, ന്യൂനപക്ഷങ്ങൾക്കൊപ്പമായിരിക്കണം ഭരണകൂടം നിലകൊള്ളേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഒരു രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രാതിനിധ്യം നൽകുന്നു എന്നതിലാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം കുടികൊള്ളുന്നത്. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം സ്വീകരിക്കപ്പെടുമ്പോൾ തന്നെ ന്യൂനപക്ഷത്തിനും അവരുടെ നിലപാട് അറിയിക്കാൻ അവസരം ലഭിക്കുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു.
ജനാധിപത്യം എന്നത് പരാജിതമായ ആശയവും അംഗീകൃതമായ ആശയവും തമ്മിലുള്ള വ്യത്യാസം വരച്ച് കാട്ടുന്നു. തീരുമാനം എടുക്കുമ്പോൾ ചർച്ച ചെയ്യപ്പെട്ട എല്ലാ ആശയങ്ങളുടെയും ആരോഗ്യകരമായ ചിന്താധാരകളെ ഉൾക്കൊള്ളിക്കാൻ ജനാധിപത്യം അവസരം നൽകുന്നു.
സമൂഹത്തിന്റെ പ്രയാണത്തിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വിഭിന്ന അഭിപ്രായങ്ങളെ ജനാധിപത്യം പ്രാപ്തമാക്കുന്നു. അടിമത്ത നിരോധനം, ജാതീയതയുടെ ഉന്മൂലനം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പ്രഖ്യാപനം, മതസൗഹാർദ്ദം എന്നിവയെല്ലാം ഒരു കാലത്ത് പരാജയപ്പെട്ട ആശയങ്ങളായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു.
ഇത്തരത്തിൽ താത്കാലികമായി പരാജയപ്പെട്ട ആശയങ്ങൾ പിൽക്കാലത്ത് ശക്തമായ ഒരു ഭരണഘടന രൂപീകരിക്കാനുള്ള അടിസ്ഥാനമായി മാറി. വിട്ടുവീഴ്ചയില്ലാത്ത സുശക്തമായ ആശയ സംവാദങ്ങളിൽ നിന്നാണ് ഇത്തരം മൂല്യങ്ങൾക്ക് സാമൂഹിക അംഗീകാരം ലഭിച്ചത്. അതുകൊണ്ട്, വിമർശനാത്മകമായി ചിന്തിക്കാനും അധികാര കേന്ദ്രങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കാനും ജനാധിപത്യ പ്രക്രിയകളിൽ നിർഭയമായി ഇടപെടാനും പൗരന്മാർക്ക് സ്വാതന്ത്ര്യം നൽകാത്ത ഏതൊരു ഭരണകൂടവും ആത്യന്തികമായി പരാജയപ്പെടും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.
Discussion about this post