തിരുവനന്തപുരം: നിയമസഭാ മാർച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുന്‍ എം എൽ എയുമായ എം സ്വരാജ്, രാജ്യസഭാംഗവും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീം എന്നിവര്‍ക്ക് തടവും പിഴയും വിധിച്ച് കോടതി. ഇരുവർക്കും ഒരു വർഷം തടവും 7700 രൂപ വീതം പിഴയുമാണ് ശിക്ഷ. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്വേത ശശിധരനാണ് വിധി പ്രസ്താവിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഇരുവരും ആറുമാസംകൂടി തടവ് അനുഭവിക്കണം.
2014 ജൂലായ് 30-ന് യുഡിഎഫ് ഭരണകാലത്ത് സര്‍ക്കാരിന്റെ പ്ലസ് ടു വിദ്യാഭ്യാസ നയത്തിനെതിരേ വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് ഡി വൈ എഫ് ഐ മാര്‍ച്ച് നടത്തിയിരുന്നു. ഈ സമരത്തിനിടെ അക്രമമുണ്ടായി. പാളയം ആശാന്‍ സ്‌ക്വയറില്‍ സംഘടിച്ച സമരക്കാര്‍ കന്റോണ്‍മെന്റ് ഹൗസിന് സമീപത്തെത്തി പോലീസിന്റെ ബാരിക്കേഡും പൂന്തുറ സി ഐയുടെ ജീപ്പും തകര്‍ത്തെന്നും ഇതിലൂടെ സര്‍ക്കാരിന് 74,280 രൂപയുടെ നഷ്ടം ഉണ്ടായെന്നുമാണ് കേസ്.
സമരം നയിച്ച റഹിമും സ്വരാജും ഉള്‍പ്പെടെ 10 നേതാക്കളായിരുന്നു പ്രധാന പ്രതികൾ. സര്‍ക്കാര്‍ ജീവനക്കാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക, അന്യായമായി സംഘം ചേരുക, പൊതുമുതല്‍ നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ കോടതിയിൽ തെളിഞ്ഞത്.












