ദുബായ്: മഞ്ഞുപാളികൾ ഭയാനകമായ തോതിൽ ഉരുകുന്ന ഹിമാലയത്തിൽ ഏത് നിമിഷവും ഒരു ദുരന്തമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി യുഎൻ ചീഫ് അന്റോണിയോ ഗുട്ടെറസ്, ദുബായിൽ നടന്നുകൊണ്ടിരിക്കുന്ന വാർഷിക കാലാവസ്ഥാ ചർച്ചകൾ ദുർബലമായ പർവത രാജ്യങ്ങളുടെ അടിയന്തിര ആവശ്യങ്ങളോട് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെറും 30 വർഷത്തിനുള്ളിൽ നേപ്പാളിലെ മഞ്ഞുപാളികളുടെ മൂന്നിലൊന്ന് അപ്രത്യക്ഷമായെന്നും ഇത് ഭൂമിയുടെ ഊഷ്മാവ് വർദ്ധിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും യുഎൻ സെക്രട്ടറി ജനറൽ ഗുട്ടെറസ് വ്യക്തമാക്കി.
ഏകദേശം 240 ദശലക്ഷം ആളുകൾ ഹിമാലയത്തെയും ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന സിന്ധു, ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ 10 പ്രധാന നദികളെയും ആശ്രയിക്കുന്നു. ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങളിലായി ഈ നദികളുടെ താഴ്ഭാഗത്ത് താമസിക്കുന്ന മറ്റൊരു ബില്യൺ ജനങ്ങളും ഹിമാനികൾ നിറഞ്ഞ നദികളെ ആശ്രയിക്കുന്നു.
ഇപ്പോൾ നമ്മൾ പോകുന്ന രീതിക്ക് ഒരു മാറ്റം ഉണ്ടായില്ലെങ്കിൽ ഒരു മഹാദുരന്തം ഏത് നിമിഷവും സംഭവിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിമാനികൾ അപ്രത്യക്ഷമാകുന്നതിന്റെ ഭയാനകമായ വേഗത സെക്രട്ടറി ജനറൽ എടുത്തുപറഞ്ഞു . ഇത് പ്രാദേശിക സമൂഹങ്ങളിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഹിമാനികൾ പൂർണ്ണമായും അപ്രത്യക്ഷമായേക്കാം. അതായത് സിന്ധു, ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ പ്രധാന ഹിമാലയൻ നദികളിലേക്കുള്ള ഒഴുക്ക് വൻതോതിൽ കുറയും . ഡെൽറ്റകൾ ഉപ്പുവെള്ളത്താൽ നശിച്ചു കൊണ്ടിരിക്കുകയാണ് ,” ഗുട്ടെറസ് കൂട്ടിച്ചേർത്തു
Discussion about this post