ന്യൂഡൽഹി : 40 അംഗ മിസോറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചു, ആദ്യ അരമണിക്കൂറിൽ പോസ്റ്റൽ ബാലറ്റുകൾ എണ്ണുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സംസ്ഥാനത്തുടനീളമുള്ള 13 കേന്ദ്രങ്ങളിലും 40 കൗണ്ടിംഗ് ഹാളുകളിലുമായാണ് വോട്ടെണ്ണൽ നടക്കുകയെന്ന് മിസോറമിലെ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 40 കൗണ്ടിംഗ് ഹാളുകളിലായി 399 ഇവിഎം ടേബിളുകളും 56 തപാൽ ബാലറ്റ് ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട് . 4000 ത്തോളം പേർ വോട്ടെണ്ണലിൽ പങ്കെടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബി.ജെ.പിയെ നിർണായക ജനവിധികളിലേക്ക് നയിച്ച കാവി തരംഗം ഹിന്ദി ഹൃദയഭൂമിയിൽ ആഞ്ഞടിക്കുകയും തെലങ്കാനയിൽ ബി ആർ എസ്സിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടാവുകയും ചെയ്തതിനു ശേഷം എല്ലാ കണ്ണുകളും മിസോറാം ജനവിധിയെയാണ് ഉറ്റു നോക്കുന്നത്
Discussion about this post