ഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെ പുറത്താക്കാനുള്ള സെലക്ടര്‍മാരുടെ തീരുമാനം ഏറെ വേദനിപ്പിച്ചെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ടീമില്‍ നിന്നും പുറത്താക്കിയ വിവരം പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ടീം മാനേജ്‌മെന്റോ, സെലക്ടര്‍മാരോ, ബിസിസിഐയോ ഇക്കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും സെവാഗ് പറഞ്ഞു.
ഒരു പ്രമുഖ സ്‌പോര്‍ട് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് 2013ല്‍ ടീമില്‍ നിന്ന് പുറത്താക്കിയ സംഭവവും പുറത്താക്കിയ രീതിയും വേദനിപ്പിച്ചെന്ന് സെവാഗ് തുറന്ന് പറയുന്നത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ രണ്ടു ടെസ്റ്റുകളില്‍ ഞാന്‍ അധികം റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നില്ല. അതുകൊണ്ടു തന്നെ ഈ പരമ്പരയിലെ അവസാന രണ്ടു ടെസ്റ്റുകളില്‍ തീര്‍ച്ചയായും അവസരം ലഭിക്കുമെന്നും അവിടെയും മികച്ച പ്രകടനം നടത്താനായില്ലെങ്കില്‍ മാത്രമേ തന്നെ പുറത്താക്കൂ എന്നുമായിരുന്നു കരുതിയിരുന്നതെന്ന് സെവാഗ് പറഞ്ഞു. ഈ രണ്ടു ടെസ്റ്റുകളിലും കൂടി കളിക്കാന്‍ തനിക്ക് സെലക്ടര്‍മാര്‍ അവസരം നല്‍കിയിരുന്നെങ്കില്‍ അതിനുശേഷം വിരമിച്ചേനെയെന്നും സെവാഗ് പറഞ്ഞു.
അവസാനം കളിച്ച എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് ഒരു അര്‍ധസെഞ്ചുറി പോലും നേടാനാവാതെ വന്നതോടെ 2013 മാര്‍ച്ചില്‍ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ശേഷം സെവാഗിനെ ഒഴിവാക്കുകയായിരുന്നു. പിന്നീട് സെവാഗ് ആഭ്യന്തരമല്‍സരങ്ങളില്‍ മികവു തെളിയിച്ച് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Discussion about this post