ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കുറിച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുകയാണെന്ന് തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ. തമിഴ്നാട്ടിൽ വരുമ്പോഴെല്ലാം പ്രധാനമന്ത്രി തന്നെക്കുറിച്ചും പിതാവിനെ കുറിച്ചും തെറ്റായ കാര്യങ്ങളാണ് പറഞ്ഞുപരത്തുന്നത് എന്നും ഉദയനിധി സ്റ്റാലിൻ വിമർശിച്ചു.
ഉത്തർപ്രദേശിന് അളവറ്റ സഹായങ്ങൾ നൽകുന്ന പ്രധാനമന്ത്രി തമിഴ്നാടിനെ അവഗണിക്കുകയാണെന്നും ഉദയനിധി കുറ്റപ്പെടുത്തി. തിരുപ്പുരിലെ കങ്ങേയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി തമിഴ്‌നാട് നികുതിയിനത്തില്‍ അഞ്ച് ലക്ഷം കോടി കേന്ദ്രത്തിന് നല്‍കി. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ വെറും രണ്ടുലക്ഷം കോടിയാണ് സംസ്ഥാനത്തിന് നൽകിയതെന്നും ഉദയനിധി കുറ്റപ്പെടുത്തി.
ഉത്തർപ്രദേശിന് പ്രധാനമന്ത്രി 9 ലക്ഷം കോടിയാണ് നികുതിയിനത്തിൽ നൽകിയത്. എന്നാൽ തമിഴ്നാട്ടിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിരാകരിക്കുകയാണ്. തന്നെക്കുറിച്ച് പ്രധാനമന്ത്രി തെറ്റായ കാര്യങ്ങളാണ് രാജ്യം മുഴുവൻ പ്രചരിപ്പിക്കുന്നത് എന്നും ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തി.
സനാതന ധർമ്മത്തെക്കുറിച്ച് താൻ പറഞ്ഞത് സമൂഹത്തിന്റെ ക്ഷേമത്തിന് വിഘാതം സൃഷ്ടിക്കുന്ന തടസങ്ങള്‍ നീക്കം ചെയ്യണമെന്നാണ്. എന്നാൽ അതിനെക്കുറിച്ച് പ്രധാനമന്ത്രി രാജ്യം മുഴുവൻ മറ്റൊരു രീതിയിലാണ് പരാമർശങ്ങൾ നടത്തുന്നത്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ പോലും പ്രധാനമന്ത്രി തന്നെക്കുറിച്ച് സൂചിപ്പിച്ചുവെന്ന് ഉദയനിധി പരാതിപ്പെട്ടു.
Discussion about this post