തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നതിനിനെ വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് വിമർശനം. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയാറാക്കലിനായുള്ള ശിൽപശാലയ്ക്കിടെ ഉന്നയിച്ച വിമർശനത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. 50 ശതമാനം മാർക്കുവരെ നൽകുന്നതിതിൽ കുഴപ്പമില്ലെന്നും എ പ്ലസ് വർദ്ധിപ്പിക്കാനായി ഉദാരമായി മാർക്കുകൾ നൽകരുതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.
പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല. 50% വരെ മാർക്കു നൽകാം. 50% മാർക്കിനപ്പുറം വെറുതെ നൽകരുത്. അവിടെ നിർത്തണം. അതിനപ്പുറമുള്ള മാർക്ക് കുട്ടികൾ നേടിയെടുക്കേണ്ടതാണ്. അല്ലെങ്കിൽ നമ്മൾ വിലയില്ലാത്തവരായി, കെട്ടുകാഴ്ച്ചയായി മാറും. പരീക്ഷ പരീക്ഷയായി മാറണം. എ പ്ലസ് കിട്ടുന്നത് നിസാര കാര്യമല്ല.
താൻ പഠിച്ചിരുന്നപ്പോൾ 5000 പേർക്കു മാത്രമാണ് എസ്എസ്എൽസിയിൽ ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നത്. ഇപ്പോൾ 69,000 പേർക്കാണ് എ പ്ലസ് കിട്ടിയത്. പലർക്കും അക്ഷരം കൂട്ടി വായിക്കാൻ അറിയില്ല. സ്വന്തം പേര് എഴുതാൻ അറിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല; ഇത് കുട്ടികളോടുള്ള? ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവർക്ക് പോലും എ പ്ലസ് നൽകുന്നു. കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.













Discussion about this post