ചെന്നൈ: ചെന്നെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. വെള്ളക്കെട്ടിനെത്തുടര്‍ന്ന് നഗരത്തിൽ 17 സബ്‌വേകള്‍ അടച്ചതായി പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, വിമാനത്താവളത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ മഴ കുറഞ്ഞ സാഹചര്യത്തിൽ വിമാനത്താവളം വീണ്ടും തുറന്നു. വെള്ളം ഇറങ്ങിത്തുടങ്ങുകയും റണ്‍വേയിലും ടാക്‌സിവേയിലും വെള്ളക്കെട്ട് ഒഴിയുകയും ചെയ്തതോടെയാണ് വിമാനത്താവളം വീണ്ടും തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് യാത്രയൊരുക്കാനാണ് പ്രഥമപരിഗണനയെന്നും അധികൃതര്‍ വ്യക്തമാക്കി. 21 വിമാനങ്ങളും 1,5000 യാത്രക്കാരും നിലവില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടപ്പോള്‍ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന 550 സര്‍വീസുകള്‍ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു.
അതേസമയം, ചെന്നൈ പ്രളയത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് കൈത്താങ്ങായി നടന്മാരായ സൂര്യയും കാർത്തിയും 10 ലക്ഷം പ്രഖ്യാപിച്ചു. ഇരുവരുടെയും ഫാൻസ് ക്ലബ്ബുകൾ വഴിയാണ് ധനസഹായം എത്തുക.
Discussion about this post