തൃശൂർ : സർക്കാർ ഖജനാവിൽ നിന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മന്ത്രിമാർ വിലകൂടിയ കണ്ണടകളും മറ്റും വാങ്ങുന്നതിനെതിരെ നവ കേരള സദസിൽ പരാതി ലഭിച്ചു. ഇത്തരത്തിൽ മന്ത്രിമാർക്ക് നൽകുന്ന പരിധിയില്ലാത്ത സാമ്പത്തിക അനുകൂല്യങ്ങൾ അധികാര ദുർവിനിയോഗതിന് കാരണമാകുന്നുവെന്നും അത് തടയാനായി നിയമസഭയിൽ നിയമ നിർമ്മാണം നടത്തണമെന്നും ഈ പരാതിയിൽ ആവശ്യം ഉന്നയിക്കുന്നുണ്ട്.
തൃശ്ശൂർ നേർക്കാഴ്ച അസ്സോസിയേഷൻ ഡയറക്ടർ പി ബി സതീഷ് ആണ് മന്ത്രിമാർ സർക്കാർ പണം ഉപയോഗിച്ച് വിലകൂടിയ കണ്ണടകൾ വാങ്ങുന്നതിനെതിരെ നവകേരള സദസ്സിൽ പരാതി നൽകിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കണ്ണട വാങ്ങുന്നതിനായി വലിയൊരു തുക സർക്കാർ ഖജനാവിൽ നിന്നും കൈപ്പറ്റിയത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഈ പരാതി. മന്ത്രി ആർ ബിന്ദു പ്രതിമാസ ശമ്പളത്തോടെ സർക്കാർ അദ്ധ്യാപിക പദവിയിൽ നിന്നും വിരമിച്ച വ്യക്തിയാണ്. മന്ത്രി എന്ന നിലയിലുള്ള വരുമാനം കൂടാതെ നിലവിൽ പ്രതിമാസം നല്ലൊരു പെൻഷൻ തുകയും മന്ത്രിക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും മന്ത്രിക്ക് കണ്ണട വാങ്ങാൻ ജനങ്ങളുടെ നികുതിപ്പണം നൽകണോ എന്ന് പരാതിയിൽ ചോദ്യം ഉന്നയിക്കുന്നു.
2021ലെ ലോകസഭാ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ആർ ബിന്ദു ഇലക്ഷൻ കമ്മീഷൻ മുമ്പാകെ സമർപ്പിച്ച സ്വത്ത് വിവരകണക്കിൽ ഒന്നേകാൽ കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. മന്ത്രിക്ക് യാതൊരു കട ബാധ്യതയും ഇല്ല.
വളരെ ഉയർന്ന സാമ്പത്തിക ഭദ്രത ഉള്ള വ്യക്തിയാണ് മന്ത്രി. നിലവിൽ മന്ത്രി പദവിക്ക് പ്രതിമാസം 97,429 രൂപ ശമ്പളം ഉണ്ടെന്നരിക്കെ അതിനു പുറമെയാണ് മന്ത്രി ആർ ബിന്ദു 35000 രൂപയുടെ കണ്ണട സർക്കാർ പണത്തിൽ വാങ്ങിയതെന്നും പരാതിയിൽ സൂചിപ്പിക്കുന്നു. മന്ത്രി ബിന്ദുവിനെ കൂടാതെ എംഎൽഎ എൽദോസ് കുന്നപ്പിള്ളി , ഡിജെ വിനോദ് , മുൻ ആരോഗ്യ മന്ത്രി
കെ കെ ശൈലജ, സ്പീക്കർ പി ശ്രീ രാമകൃഷ്ണൻ എന്നിവരും ഇത്തരത്തിൽ കൊതുക് ജനാവിലെ പണം ഉപയോഗിച്ച് വളരെ വിലകൂടിയ കണ്ണടകൾ വാങ്ങിയിട്ടുള്ളവരാണ് എന്നും ഇത് നിർത്തലാക്കാനായി നിയമം കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യം ഉന്നയിക്കുന്നുണ്ട്.
ഇതോടൊപ്പം തന്നെ ജനപ്രതിനിധികൾക്ക് ആരോഗ്യ ഇൻഷുറൻസ് എടുപ്പിക്കണമെന്നും നവ കേരള സദസ്സിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വാർഡ് മെമ്പർമാർക്കും കൗൺസിലർമാർക്കും ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നും ആവശ്യമുണ്ട്. വാർഡ് തലത്തിൽ ജനപ്രതിനിധികൾക്ക് ശമ്പളം കൂട്ടി നൽകുന്നതുവഴി അധികാര ദുർവിനിയോഗവും അഴിമതിയും തടയാൻ കഴിയുമെന്നും ഈ നിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു.
Discussion about this post