ശ്രീനഗർ : ശ്രീനഗർ-ലേ ഹൈവേയിലെ സോജില ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഏഴു വിനോദയാത്രികർ മരണപ്പെട്ടു. കേരളത്തിൽ നിന്നും ഉള്ളവരാണ് മരണപ്പെട്ടിട്ടുള്ളത്. ഇവർ സഞ്ചരിച്ചിരുന്ന ടാക്സി അപകടത്തിൽ പെടുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ അടക്കം 8 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച വാഹനം ചുരത്തിൽ നിന്നും താഴേക്ക് മറിഞ്ഞു. അപകടം നടന്നയുടൻ സോനാമാർഗ് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വിനോദസഞ്ചാരികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വാഹനത്തിന്റെ ഡ്രൈവർ അജാസ് അഹമ്മദ് അവാനെ ചികിത്സയ്ക്കായി SKIMS സൗര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാലക്കാട് ചിറ്റൂരിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന സൂചന. സോനാ മാർഗിലേക്കുള്ള യാത്രയിലായിരുന്നു ഈ സംഘം. അപകടത്തിൽപ്പെട്ട വാഹനം ചുരത്തിൽ നിന്നും താഴെ കൊക്കയിലേക്ക് മറിഞ്ഞതാണ് യാത്രക്കാരുടെ മരണത്തിന് കാരണമായത്.
Discussion about this post