ചെന്നൈ: ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ തിരഞ്ഞെടുപ്പ് വിജയത്തെ അധിക്ഷേപിച്ച് ഡിഎംകെ എംപി. ഡിഎൻവി സെന്തിൽ കുമാറാണ് അധിക്ഷേപ പരാമർശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങൾ എന്നായിരുന്നു സെന്തിൽ വിശേഷിപ്പിച്ചത്.
ശീതകാല സമ്മേളനത്തിന്റെ ഭാഗമായി പാർലമെന്റിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു സെന്തിലിന്റെ പരാമർശം. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വിജയം ആയിരുന്നു ആയിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചത്. ബിജപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ രാജ്യത്തെ ജനങ്ങൾ ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിലെ വിജയം എന്ന നിലയ്ക്കാണ് കാണുന്നുണ്ടാകുക എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വാസ്തവത്തിൽ ഇതല്ല കാര്യം. പൊതുവേ പറയുകയാണ് എങ്കിൽ ഗോമൂത്ര സംസ്ഥാനങ്ങളിലാണ് ബിജെപി വിജയം നേടിയിരിക്കുന്നത് എന്നും സെന്തിൽ കുമാർ പരാമർശം നടത്തി.
അതേസമയം സെന്തിലിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി രംഗത്ത് എത്തി. സനാതനധർമ്മത്തെ ഡിഎംകെ തുടർച്ചയായി അവഹേളിക്കുകയാണെന്ന് മീനാക്ഷി ലേഖി പറഞ്ഞു. ഇതിന് ഡിഎംകെയ്ക്ക് ഉടൻ തിരിച്ചടി ലഭിക്കും. ഇത് ഒരിക്കലും രാജ്യത്തെ ജനങ്ങൾ പൊറുക്കില്ലെന്നും മീനാക്ഷി ലേഖി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ധർമ്മപുരിയിൽ നിന്നുള്ള എംപിയാണ് സെന്തിൽ കുമാർ.
Discussion about this post