തിരുവനന്തപുരം : എപ്പോഴെങ്കിലും ചന്ദ്രനെ തൊട്ടടുത്ത് കാണണം എന്ന് തോന്നിയിട്ടുണ്ടോ? ആഗ്രഹമുണ്ടെങ്കിൽ ഇപ്പോൾ തന്നെ കനകക്കുന്നിലേക്ക് പോകുന്നുള്ളൂ. കനകക്കുന്നിറങ്ങി വന്ന ഈ പൂർണ്ണ ചന്ദ്രൻ ബുധനാഴ്ച പുലർച്ചെ വരെ ഇവിടെ ഉണ്ടാകും. നിരവധി പേരാണ് ഇപ്പോൾ ഈ ചന്ദ്രനെ കാണാനായി എത്തുന്നത്.
ജനുവരിയില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി കനകക്കുന്നിൽ സ്ഥാപിച്ചിട്ടുള്ള ഇൻസ്റ്റലേഷൻ ആണ് ഈ പൂർണ്ണചന്ദ്രൻ. മ്യൂസിയം ഓഫ് ദി മൂൺ എന്ന പേരിൽ ഏറെ പ്രശസ്തമാണ് ഈ ഇൻസ്റ്റലേഷൻ. ആര്‍ട്ടിസ്റ്റ് ലൂക് ജെറം ആണ് ഈ ഇൻസ്റ്റലേഷൻ സ്ഥാപിച്ചിട്ടുള്ളത്. ഒരൊറ്റ രാത്രി മാത്രമായിരിക്കും ഈ പ്രദർശനം ഉണ്ടാവുക. ബുധനാഴ്ച പുലർച്ചെ നാലുമണിക്ക് പ്രദർശനം അവസാനിക്കുന്നതാണ്.
നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാർത്ഥ ചന്ദ്രന്റെ ഹൈ റെസലൂഷൻ ചിത്രങ്ങൾ ഒന്നിച്ചു ചേർത്താണ് ഈ ഇൻസ്റ്റലേഷൻ തയ്യാറാക്കിയിട്ടുള്ളത്. ബ്രിട്ടീഷുകാരനായ ആര്‍ട്ടിസ്റ്റ് ലൂക് ജെറം രണ്ടാമത്തെ തവണയാണ് ഇന്ത്യയിൽ ഈ മൂൺ ഇൻസ്റ്റലേഷൻ പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ ഇത് ആദ്യത്തെ അനുഭവം ആയതിനാൽ നിരവധി പേരാണ് ഇപ്പോൾ ഈ പ്രദർശനം കാണാനായി എത്തിച്ചേരുന്നത്. കൊച്ചു കുട്ടികൾ പോലും ഈ വലിയ അമ്പിളിമാമനെ കാണാനായി കനകക്കുന്നിൽ എത്തിയിട്ടുണ്ട്.
Discussion about this post