ഡെറാഡൂൺ: ബിആർ അംബേദ്കറുടെ 67-ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. അംബേദ്കറുടെ ഓർമ ദിവസമായ ഇന്ന് ‘മഹാപരിനിർവാൻ ദിവസ്’ ആയാണ് ആചരിക്കുന്നത്. സാമൂഹിക ഉന്നമനത്തിനും പൊതുസേവനത്തിനുമായി അംബേദ്കർ നടത്തിയ പ്രവർത്തനങ്ങൾ എല്ലാ കാലത്തെയും സമൂഹത്തിന് പുതിയ ദിശാബോധം നൽകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
‘തന്റെ ജീവിതകാലം മുഴുവൻ സാമൂഹിക ഉന്നമനത്തിനായി സമർപ്പിച്ച ഭാരതരത്‌ന ഡോ. ബാബാ സാഹെബ് ഭീംറാവു അംബേദ്കറിന് അദ്ദേഹത്തിന്റെ ‘മഹാപരിനിർവാൺ ദിവസ’മായ ഇന്ന് സർക്കാർ വസതിയിൽ വച്ച് ആദരാഞ്ജലികൾ അർപ്പിച്ചു’- അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചു.
അംബേദ്കറുടെ ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തെ അനുസ്മരിച്ചു. ‘പൂജ്യ ബാബ സാഹിബ്, ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നതിനൊപ്പം, ചൂഷണത്തിനിരയായവരുടെയും അവശത അനുഭവിക്കുന്നവരുടെയും ക്ഷേമത്തിനായി തന്റെ ജീവിതം സമർപ്പിച്ച സാമൂഹിക സൗഹാർദ്ദത്തിന്റെ അനശ്വര ചാമ്പ്യനായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ മഹാപരിനിർവാണ ദിനത്തിൽ അദ്ദേഹത്തിന് എന്റെ ആദരപൂർവമായ പ്രണാമം’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാഷ്ട്രപതി ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധങ്കർ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, എന്നിവരും അംബേദ്കറിന് ആദരാഞ്ജലി അർപ്പിച്ചിരുന്നു.
Discussion about this post