ന്യൂയോർക്ക്: ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും വംശനാശം സംഭവിച്ചേക്കാമെന്ന് മെറ്റ സിഇഒ മാർക്ക് സുക്കർബർഗിന് മുന്നറിയിപ്പുമായി എഐ വിദഗ്ധർ. ചാറ്റ് ജിപിടിയുടെ ആവിർഭാവം ചിലപ്പോൾ ഇവ രണ്ടിന്റേയും പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. നിലവിൽ ചാറ്റ് ജിപിടിയുടെ വരവ് ഗൂഗിളിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഐ വിദഗ്ധർ സുക്കർബർഗിനും മുന്നറിയിപ്പ് നൽകുന്നത്.
ചാറ്റ് ജിപിടിയുടെ വരവ് വിവര സാങ്കേതിക രംഗത്ത് വലിയ വിപ്ലവമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇതുവരെ ഇതിന്റെ സാദ്ധ്യത ഉപയോഗപ്പെടുത്താൻ മെറ്റ തയ്യാറായിട്ടില്ല. ഇത് ഒരു പക്ഷേ ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും ആളുകൾ ഉപേക്ഷിക്കാൻ കാരണമായേക്കും എന്നാണ് സൂചിപ്പിക്കുന്നത്.
നിലവിൽ വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ ചാറ്റ്‌ബോട്ടുകൾ ലഭ്യമാക്കുന്നുണ്ട്. എന്നാൽ ചുരുക്കം ചില ഉപഭോക്താക്കൾക്ക് മാത്രമേ ഇത് ലഭ്യമാകുന്നുള്ളൂ. ഇതിന് പകരം ഓപ്പൺ എഐ ചാറ്റ്‌ബോട്ടുകളും, പുതിയ എഐ അസിസ്റ്റന്റും ഉടൻ കൊണ്ടുവരണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം വിദഗ്ധരുടെ നിർദ്ദേശത്തോട് ആദ്യം സുക്കർബർഗ് പ്രതികരിച്ചില്ല. എന്നാൽ പിന്നീട് ചാറ്റ് ജിപിടി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post